സീസണിൽ സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തിൽ റിയൽ കാശമീർ എഫ് സിക്ക് മികച്ച വിജയം. ആർപ്പുവിളികളുമായെത്തിയ കാണികളുടെ പിൻബലം കൂടി കരുത്തു പകർന്നപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് രാജസ്ഥാൻ യുനൈറ്റഡിനെയാണ് അവർ കീഴടക്കിയത്. ഇതോടെ തുടർച്ചയായ രണ്ടാം വിജയവുമായി കശ്മീർ പോയിന്റ് തലപ്പത്തെത്തി. ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്ന രാജസ്ഥാൻ തോൽവിയോടെ ആറാമതാണ്. അടുത്ത മത്സരത്തിൽ ആദ്യ രണ്ടു സ്ഥാനക്കാരുടെ പോരാട്ടത്തിൽ കാശ്മീരും ഗോകുലവും തമ്മിൽ കൊമ്പുകോർക്കും.
ഇരു പകുതികളിലും ആയിട്ടാണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. ഇരുപതാം മിനിറ്റിൽ കോർണറിലൂടെ വന്ന ബോൾ വലയിലെത്തിച്ച് ഘാന താരം ലാമിനെ മൊറോ ആണ് ആതിഥേയർക്ക് ലീഡ് നൽകിയത്. അഞ്ചു മിനിറ്റിന് ശേഷം രാജസ്ഥാന് ബോക്സിന് തൊട്ടു മുൻപിൽ നിന്നും ലഭിച്ച ഫ്രീക്കിക് ബെയ്തിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. എഴുപത്തി അഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ ഷാവേസിന് ലഭിച്ച മികച്ച അവസരവും രാജസ്ഥാന് സമനില സമ്മാനിക്കാതെ പുറത്തേക്ക് പോയി. എഴുപത്തിയേഴാം മിനിറ്റിൽ റിയൽ കശ്മീർ ലീഡ് വർധിപ്പിച്ചു. ജെറി പുലാംറ്റെയാണ് ഇത്തവണ വലകുലുക്കിയത്. എൺപത്തിയഞ്ചാം മിനിറ്റിൽ കശ്മീർ താരം സമുവലിന്റെ ഫ്രീകിക്ക് പോസ്റ്റിലടിച്ചു മടങ്ങി. അടുത്ത മത്സരത്തിൽ ഫോമിലുള്ള ഗോകുലവും റിയൽ കാശ്മീരും തമ്മിലുള്ള പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരും.