ഐ ലീഗിൽ നടക്കാൻ ബാക്കിയുണ്ടായിരുന്ന ആ ഒരു മത്സരത്തിൽ അവസാനം തീരുമാനമായി. കാശ്മീരിൽ വെച്ച് നടക്കേണ്ടിയിരുന്ന മിനേർവ പഞ്ചാബും റിയൽ കാശ്മീരുമായുള്ള മത്സരം വീണ്ടും നടത്തേണ്ടതില്ല എന്ന് എ ഐ എഫ് എഫ് തീരുമാനിച്ചു. ഇരുടീമുകളും പോയിന്റ് പങ്കുവെക്കാൻ സമ്മതിച്ചതോടെയാണ് മത്സരം വേണ്ടതില്ല എന്ന് ഇന്ന് ചേർന്ന ലീഗ് കമ്മിറ്റി തീരുമാനിച്ചത്. ഇതോടെ മിനേർവയ്ക്കും റിയൽ കാശ്മീരിനും ഒരോ പോയിന്റ് വീതം ലഭിക്കും.
റിയൽ കാശ്മീർ ഇതോടെ ലീഗ് 37 പോയന്റുമായി മൂന്നാം സ്ഥാനത്ത് അവസാനിപ്പിച്ചു. ഒരു പോയിന്റ് ലഭിച്ച മിനേർവ ഒരു സ്ഥാനം ലീഗിൽ മെച്ചപ്പെടുത്തി. 18 പോയന്റായ മിനേർവ പഞ്ചാബ് ഗോകുലത്തെ മറികടന്ന് 9ആം സ്ഥാനത്ത് എത്തി. ഗോകുലം കേരള എഫ് സി പത്താമതേക്ക് താഴുകയും ചെയ്തു.
നേരത്തെ ഭീകരാക്രമണം നടന്നതിനാൽ സുരക്ഷാ കാരണങ്ങളാൽ യാത്ര ചെയ്യുന്നത് സാധ്യമല്ല എന്ന കാരണം പറഞ്ഞ് മിനേർവ പഞ്ചാബ് മത്സരത്തിന് വേദിയിൽ എത്തിയിരുന്നില്ല. ഇത് കാരണം ആയിരുന്നു ഈ മത്സരം നടക്കാതിരുന്നത്.