ഹാട്രിക്കുമായി ബ്രസീലിയൻ ലുകാസ്, സ്പർസ് വീണ്ടും മൂന്നാം സ്ഥാനത്ത്

- Advertisement -

പ്രീമിയർ ലീഗിലെ ടോപ് 4 യുദ്ധം തുടരുന്നു. ഇന്ന് നിർണായക പോരാട്ടത്തിൽ ടോട്ടൻഹാം ഗംഭീര വിജയം തന്നെ നേടി. പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ ഹഡേഴ്സ്ഫീൽഡിനെ നേരിട്ട സ്പർസ് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. നാലിൽ മൂന്നു ഗോളുകളും ബ്രസീലിയൻ താരമായ ലൂകാസ് മോറയിൽ നിന്നായിരുന്നു. പ്രീമിയർ ലീഗിൽ ഹാട്രിക്ക് നേടുന്ന നാലാമത്തെ ബ്രസീലിയനായി ലൂകാസ് മോറ മാറി.

ഹാരി കെയ്ൻ ഇല്ലാതെ ആണ് സ്പർസ് ഇന്ന് ഇറങ്ങിയത് എങ്കിലും അതിന്റെ യാതൊരു കുറവും കാണാൻ കഴിഞ്ഞില്ല. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്പർസിനെ വന്യാമ ആയിരുന്നു ആദ്യം മുന്നിൽ എത്തിച്ചത്. പിന്നീടാണ് ലൂകാസ് മോറ ഷോ നടന്നത്. 27, 87, 90 മിനുട്ടുകളിൽ ആയിരുന്നു മോറയുടെ ഗോളുകൾ. ഹാട്രിക്ക് നേടി ബാക്ക് ഫ്ലിപ്പ് സെലിബ്രേഷനും ലൂകാസ് മോറ നടത്തി.

ഈ വിജയത്തോടെ സ്പർസിന് ലീഗിൽ 33 മത്സരങ്ങളിൽ നിന്ന് 66 പോയന്റായി. ചെൽസിയെ മറികടന്ന് മൂന്നാമതെത്താനും സ്പർസിന് ഇതോടെ ആയി.

Advertisement