ഐ ലീഗിൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ ഗോകുലം തുടരുന്നു. ഒരു മത്സരം വിജയിച്ച് പ്രതീക്ഷ നൽകി പിന്നലെ പരാജയപ്പെട്ട് പിറകോട്ട് പോകുന്ന പതിവാണ് ഇന്ന് നെരോകയ്ക്ക് എതിരെയും കാണാൻ ആയത്. ഇന്ന് ഇംഫാലിൽ വെച്ച് നെരോകയെ നേരിട്ട ഗോകുലം രണ്ടിനെതിരെ മൂന്നു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി. ഒരു ഘട്ടത്തിൽ 2-1ന് മുന്നിൽ നിന്നതിനു ശേഷമാണ് ഗോകുലം പരാജയപ്പെട്ടത്.
മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ പ്രിതം സിങിന്റെ ഗോളിൽ നെരോക മുന്നിൽ എത്തിയിരുന്നു. 25ആം മിനുട്ടിൽ ഷിബിൽ മുഹമ്മദ് ഗോൾ നേടിക്കൊണ്ട് ഗോകുലത്തിന് സമനില നേടിക്കൊടുത്തു. 40ആം മിനുട്ടിൽ ഗാർസിയയുടെ ഒരു ഗംഭീര വോളി ഗോകുലത്തിനെ 2-1ന് മുന്നിൽ എത്തിക്കുകയും ചെയ്തു. അദ്യ പകുതി ആ ലീഡിൽ അവസാനിപ്പിക്കാൻ ഗോകുലത്തിനായി.
പക്ഷേ രണ്ടാം പകുതിയിൽ കാര്യങ്ങൾ കുഴഞ്ഞു. 48ആം മിനുട്ടിൽ അഡ്ജയിലൂടെ നെരോക സമനില ഗോൾ നേടി. 81ആം മിനുട്ടിൽ റൊണാൾഡിലൂടെ വിജയ ഗോളും നെരോക സ്വന്തമാക്കി. ഈ വിജയം നെരോകയെ 15 പോയന്റിൽ എത്തിച്ചു. 17 പോയന്റുള്ള ഗോകുലം ഇപ്പോൾ നാലാം സ്ഥാനത്താണ്.