ഐ ലീഗിൽ കളിക്കാൻ മലപ്പുറത്ത് നിന്ന് ലൂക്ക സോക്കർ ക്ലബും?!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിൽ ഇപ്പോൾ രണ്ട് ക്ലബുകളാണ് ദേശീയ തലത്തിൽ കളിക്കുന്നത്. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ഐ ലീഗിൽ ഗോകുലം കേരളയും. എന്നാൽ അടുത്ത സീസണിൽ അത് മൂന്ന് ക്ലബ് ആയേക്കും. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നുള്ള പ്രൊഫഷണൽ ക്ലബായ ലൂക്ക സോക്കർ അക്കാദമി ഐ ലീഗിലേക്ക് നേരിട്ട് പ്രവേശനം നേടാൻ ആകും എന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ ദിവസം ഐലീഗിലേക്ക് നേരിട്ട് യോഗ്യത നേടാൻ അപേക്ഷ ക്ഷണിച്ചു കൊണ്ട് എ ഐ എഫ് എഫ് പത്രകുറിപ്പ് ഇറക്കിയിരുന്നു. ഈ അപേക്ഷ സമർപ്പിച്ച് ഐ ലീഗിലേക്ക് എത്താൻ ആണ് ലൂക്ക സോക്കർ ശ്രമിക്കുന്നത്. രണ്ട് വർഷം മുമ്പ് ഗോകുലം കേരള എഫ് സി ഇങ്ങനെ ആയിരുന്നു ഐ ലീഗിൽ എത്തിയത്. മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കിയാകും ലൂക്ക സോക്കർ കളിക്കുക.

കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗിൽ ഉണ്ടായിരുന്ന ടീമാണ് ലൂക്ക് സോക്കർ. ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും ഉള്ള ഗ്രൂപ്പിൽ നിന്ന് മത്സരിച്ചിട്ട് മൂന്നാം സ്ഥാനം സ്വന്തമാക്കാൻ ലൂക്ക സോക്കർ ക്ലബിനായിരുന്നു. ഒരു പോയന്റിന് മാത്രമാണ് അവർക്ക് സെമി യോഗ്യത നഷ്ടമായത്.

മുൻ കണ്ണൂർ യൂണിവേഴ്സിറ്റി താരമായ നവാസും മുസ്തഫ കമാലും ആണ് ലുക്കാ സോക്കർ ക്ലബിന്റെ അണിയറയിൽ ഉള്ളത്. കേരള അക്കാദമി ലീഗുകളിൽ പങ്കെടുക്കുന്ന ലൂക്ക സോക്കർ ക്ലബ് പുതിയ സീസൺ മുതൽ ദേശീയ യൂത്ത് ലീഗുകളിലും ടീമിറക്കും. ഈ വരുന്ന ആഴ്ച തന്നെ ഐ ലീഗിനായുള്ള അപേക്ഷ ലൂക്ക സോക്കർ ക്ലബ് സമർപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്.