കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലം കേരളയുടെ സ്ട്രൈക്കർ ഹെൻറി കിസേക ക്ലബ് വിട്ടു. ഇന്ന് ക്ലബ് തന്നെയാണ് കിസേക ക്ലബ് വിട്ടു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. താരം ക്ലബിന് നൽകിയ എല്ലാ സേവനങ്ങൾക്കും നന്ദി പറയുന്നു എന്നും താരത്തിന്റെ ഭാവിക്ക് എല്ലാ ആശംസകളും നൽകുന്നു എന്നും ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. രണ്ട് തവണയായി രണ്ട് സീസണുകളിൽ ഗോകുലം കേരള ജേഴ്സി അണിഞ്ഞ താരമാണ് കിസേക.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ കഴിഞ്ഞ സീസണിൽ ഗോകുലം കേരളയിൽ മടങ്ങി എത്തിയ കിസേക ക്ലബിന്റെ ഡ്യൂറണ്ട് കപ്പ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. മാർക്കസ് ജോസഫിനൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും കിസേകയ്ക്ക് ആയിരുന്നു.
2017-18 സീസണിലായിരുന്നു ഗോകുലം എഫ് സിയിലേക്ക് ആദ്യ കിസേക എത്തുന്നത്. ആദ്യ സീസണിൽ വൻ ടീമുകളെ ഒക്കെ ഗോകുലം ഞെട്ടിച്ചപ്പോൾ ഒക്കെ ഗോളുമായി ഹെൻറി കിസേക തിളങ്ങിയിരുന്നു. ആ സീസണിൽ ലീഗിൽ വെറും ഏഴു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളും രണ്ട് അസിസ്റ്റും കിസേക നേടിയിരുന്നു. അതു കഴിഞ്ഞ് ഒരു സീസണിൽ മോഹൻ ബഗാനു വേണ്ടിയും കിസേക കളിച്ചിരുന്നു. മുമ്പ് ഉഗാണ്ടൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ് കിസേക്ക. ഇനി എവിടേക്കാകും കിസേക പോവുക എന്നത് വ്യക്തമല്ല.