കഴിഞ്ഞ ദിവസം റിയൽ കാശ്മീരിനെ നേരിടാനായി കാശ്മീരിൽ എത്തിയ ഗോകുലം കേരള എഫ് സി ഇപ്പോൾ അവിടെ തന്നെ കുടുങ്ങിയിരിക്കുകയാണ്. കനത്ത മഞ്ഞു വീഴ്ചയാണ് ഗോകുലം ടീമിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇൻഡിഗോയുടെ വിമാനത്തിൽ ആയിരുന്നു ടീം നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. പക്ഷെ മഞ്ഞു വീഴ്ച കാരണം ആ വിമാനം റദ്ദാക്കിയിരുന്നു.
അതിനു പകരം സൗകര്യം ഒരുക്കാൻ ഇൻഡിഗോ ഇതുവരെ തയ്യാറായിട്ടുമില്ല. മറ്റന്നാൾ കോഴിക്കോട് നടക്കുന്ന ഹോം മത്സരത്തിൽ ഐസാളിനെ നേരിടേണ്ടതാണ് ഗോകുലത്തിന്. പരിശീലനം നടത്താനോ കളിക്ക് വേണ്ടി ഒരുങ്ങാനോ കഴിയാതെ ഇരിക്കുകയാണ് ഗോകുലം കേരള എഫ് സി ഇപ്പോൾ. കോഴിക്കോട് കളിക്കേണ്ട ഐസാൾ ഇന്ന് എത്തും എന്നിരിക്കെ അവരെ സ്വന്തം നാട്ടിൽ സ്വീകരിക്കാൻ കഴിയാത്തതിലും ഗോകുലം ടീം വിഷമത്തിലാണ്.
10ന് നടക്കുന്ന മത്സരം നീട്ടി വെക്കുന്നത് പരിഗണിക്കണമെന്ന് ഗോകുലം കേരള എഫ് സി എ ഐ എഫ് എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലീഗ് കമ്മിറ്റി പരിഗണിക്കുമെന്നാണ് കരുതുന്നത്