പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ മാനസിക മുൻ‌തൂക്കം സിറ്റിക്ക്

- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ലിവർപൂളിന്റെ മേൽ മാനസിക മുൻ‌തൂക്കം സിറ്റിക്ക് ഉണ്ടെന്നു മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരം ബെർണാഡോ സിൽവ. കിരീട പോരാട്ടത്തിൽ പിന്നോട്ട് പോയപ്പോൾ കിരീടം കൈവിട്ടു എന്ന് കരുതി എങ്കിലും ഇപ്പോൾ സിറ്റി തിരിച്ചു വന്നെന്നും സിൽവ പറയുന്നു. എവർട്ടനെ പരാജയപ്പെടുത്തിയതോടെ രണ്ടു മാസത്തിനു ശേഷം ആദ്യമായി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ടേബിളിൽ ലിവർപൂളിനെ മറികടന്ന് ഒന്നാമതായിരുന്നു. നിലവിൽ രണ്ടു ടീമുകൾക്കും 62 പോയിന്റാണ് ഉള്ളതെങ്കിലും മികച്ച ഗോൾ ശരാശരിയിൽ സിറ്റിയാണ് മുന്നിൽ നിൽക്കുന്നത്.

“വിജയിക്കാൻ എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയാം, ഞങ്ങൾ ഇപ്പോഴും ചാമ്പ്യന്മാരാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രീമിയർ ലീഗ് കൈവിട്ടെന്നു ഞങ്ങൾ കരുതിയിരുന്നു, പക്ഷെ ഇപ്പോൾ ഞങ്ങളാണ് ലീഗിൽ ഒന്നാമത്” ബെർണാഡോ സിൽവ പറയുന്നു.

ലീഗിലേക്ക് ശക്തമായി തിരിച്ചു വന്നത് സിറ്റിക്ക് ലിവർപൂളിന് മേൽ ഒരു മാനസിക മുൻ‌തൂക്കം നൽകുന്നുവെന്നും സിൽവ കൂട്ടിച്ചേർത്തു. ഞായറാഴ്ച ചെൽസിക്കെതിരെ ആണ് സിറ്റിയുടെ അടുത്ത മത്സരം.

Advertisement