കൊൽക്കത്ത ഡെർബിയിൽ വീണ്ടും ജോബി ജസ്റ്റിന്റെ വിധി എഴുത്ത്, മലയാളി കരുത്തിൽ ഈസ്റ്റ് ബംഗാൾ

specialdesk

സീസണിലെ രണ്ടാം കൊൽക്കത്ത ഡെർബിയിലും ഈസ്റ്റ് ബംഗാളിന് മികച്ച വിജയം. മലയാളി താരം ജോബി ജസ്റ്റിന്റെ മികവിലാണ് ഈസ്റ്റ് ബംഗാൾ വിജയം കണ്ടത്. ഡിസംബറിൽ നടന്ന ആദ്യ ഡെർബിയിലും തിളങ്ങിയത് ജോബി ആയിരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു ജോബി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഈസ്റ്റ് ബംഗാൾ മോഹൻ ബഗാനെ തോൽപ്പിച്ചത്.

കഴിഞ്ഞ ഡെർബിയിൽ എന്ന പോലെ ജോബി തന്നെയായിരുന്നു ഇന്നും മത്സരത്തിലെ താരം, ഒരു ഗോളും ഒരു അസിസ്റ്റും എന്ന കഴിഞ്ഞ ഡെർബിയിലെ പ്രകടനം ജോബി പുറത്തെടുത്തപ്പോൾ മോഹൻ ബഗാൻ വീണ്ടും ഈസ്റ്റ് ബംഗാളിന് മുന്നിൽ മുട്ടുമടക്കി.

മത്സരത്തിന്റെ 35ആം മിനിറ്റിൽ ജോബിയുടെ അസിസ്റ്റിൽ ജെയ്‌മി സാന്റോസ് ആണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ആണ് ജോബിയുടെ ഗോൾ പിറന്നത്. റാൾട്ടെയുടെ കോർണർ കിക്കിൽ ഒന്നാന്തരം ഒരു ഹെഡറിൽ ജോബിയുടെ ഗോൾ. ലീഡ് 2-0. ജോബിയുടെ സീസണിലെ എട്ടാമത്തെ ഗോൾ ആയിരുന്നു ഇത്.

വിജയത്തോടെ ഈസ്റ്റ് ബംഗാളിന് 13 മത്സരങ്ങളിൽ നിന്നും 25 പോയിന്റായി, റിയൽ കശ്‌മീരിനും 25 പോയിന്റാണ് ഉള്ളതെങ്കിലും മികച്ച ഗോൾ ശരാശരിയിൽ റിയൽ കശ്മീർ ആണ് മുന്നിൽ നിൽക്കുന്നത്. കശ്മീർ മൂന്നാമതും ഈസ്റ്റ് ബംഗാൾ നാലാമതുമാണ്.