കിരീടം ഇനി രണ്ടു വിജയങ്ങൾ മാത്രം അകലെ, മോഹൻ ബഗാൻ കുതിക്കുന്നു

- Advertisement -

മോഹൻ ബഗാൻ ഐ ലീഗ് കിരീടത്തിന് തൊട്ടരികിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മിനേർവ പഞ്ചാബും ചർച്ചിൽ ബ്രദേഴ്സുമൊക്കെ വിജയിക്കാതിരുന്നതോടെ മോഹൻ ബഗാന്റെ കിരീടത്തിലേക്കുള്ള ദൂരം വളരെ കുറഞ്ഞു. ഇന്നലെ ട്രാവുവിനെ നിലം പറ്റിച്ച് 3-1ന്റെ വിജയം മോഹൻ ബഗാൻ സ്വന്തമാക്കിയിരുന്നു. ആ വിജയം ബഗാനെ 35 പോയന്റിലേക്കാണ് എത്തിച്ചത്. കിരീടത്തിലേക്ക് വെറും ആറു പോയന്റിന്റെ മാത്രം ദൂരം.

ഇപ്പോൾ ലീഗിൽ 14 മത്സരങ്ങളിൽ നിന്ന് 35 പോയന്റുമായി ബഗാൻ ബഹുദൂരം മുന്നിൽ ആണ്. രണ്ടാമതുള്ള പഞ്ചാബ് എഫ് സിയെക്കാൾ 13 പോയന്റിന്റെ ലീഡ്. ഇനി ലീഗിൽ ആറു റൗണ്ട് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ. ശേഷിക്കുന്ന എല്ലാം മത്സരങ്ങളും വിജയിച്ചാൽ വരെ ബഗാന്റെ പിറകിൽ ഉള്ളവർക്ക് എത്താവുന്ന പരമാവധി പോയന്റ് 41 ആണ്. അതും ഇപ്പോൾ മൂന്നാമത് ഉള്ള ചർച്ചിൽ ബ്രദേഴ്സ് ഇനി കളിക്കുന്ന ഏഴു മത്സരങ്ങളും വിജയിച്ചാൽ മാത്രം. കണക്കുകൾ വെച്ച് നോക്കിയാൽ ബഗാൻ ഇനി ശേഷിക്കുന്ന ആറു മത്സരങ്ങളിൽ നിന്ന് വെറും രണ്ടു മത്സരങ്ങൾ വിജയിച്ചാൽ കിരീടം കൊൽക്കത്തയിലേക്ക് കൊണ്ടു പോകാം. ബഗാൻ കിരീടം നേടുകയാണെങ്കിൽ അവരുടെ 2014-15 സീസണു ശേഷമുള്ള ആദ്യ ദേശീയ ലീഗ് കിരീടമാകും അത്.

Advertisement