ഐ ലീഗിൽ ഗോകുലം കേരളയെ കീഴടക്കി റൗണ്ട്ഗ്ലാസ് പഞ്ചാബ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബ് വിജയം കണ്ടത്. മുൻ ഗോകുലം താരം ലുക്കാ ആണ് വിജയ ഗോൾ നേടിയത്. സമനില പോലും രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുമായിരുന്ന ഗോകുലം ഇതോടെ നാലാം സ്ഥാനത്ത് തുടരുകയാണ്. ഒരു മത്സരം കുറച്ചു കളിച്ച റൗണ്ട്ഗ്ലാസ് പഞ്ചാബ് പതിനേഴ് പോയിന്റുമായി രണ്ടാം സ്ഥാനത്തെക്കുയർന്നു.
കഴിഞ്ഞ മത്സരത്തിൽ സീസണിൽ ആദ്യമായി സ്വന്തം ഗ്രൗണ്ടിൽ വിജയം കൈവിട്ട ഗോകുലത്തിന് തിരിച്ചടി ആണ് ഇന്നത്തെ ഫലവും. ഇരുടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തിൽ പക്ഷെ ഭൂരിഭാഗം സമയവും ഗോൾ രഹിതമായിരുന്നു. മുന്നേറ്റ നിരയുടെ പ്രകടനം ഒരിക്കൽ കൂടി ഗോകുലത്തെ നിരാശയിലാഴ്ത്തി. പലപ്പോഴും എതിർ ബോക്സിലേക്ക് എത്താൻ ഇരു ടീമുകൾക്കും സാധിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടി ആയി. എഴുപത്തിയഞ്ചാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ എത്തിയത്.
ഇടത് പാർശ്വത്തിൽ നിന്നെത്തിയ ഫ്രീകിക്ക് ലൂക്ക മാച്ച്ക്കൻ ഹെഡർ ചെയ്തിട്ടത് ഒരു ഡിഫ്ലെക്ഷനോടെ വലയിലേക്ക് കടന്നപ്പോൾ കീപ്പർ ബിലാൽ ഖാൻ നിസഹായനായിരുന്നു. സമ്മർദ്ദം ചെലുത്തി മത്സരത്തിലേക്ക് തിരിച്ചു വരാൻ ഗോകുലം ശ്രമിച്ചെങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു. നിർണായകമായ മൂന്ന് പോയിന്റുകൾ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താൻ പഞ്ചാബിനെ സഹായിച്ചേക്കും. ഗോകുലത്തിന്റെ അടുത്ത മൂന്ന് മത്സരങ്ങൾ സ്വന്തം തട്ടകത്തിലാണ്.