ഗോകുലം കേരള ഇന്നിറങ്ങുന്നു; എതിരാളികൾ ഈസ്റ്റ് ബംഗാൾ

- Advertisement -

ഐലീഗിൽ ഇന്ന് ഗോകുലം കേരള എഫ്‌സി കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. നിലവിൽ ആറാം സ്ഥാനത്തുള്ള ഗോകുലം കേരളയ്ക്ക് വിജയിക്കാനായാൽ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ കഴിയും. അത് കൊണ്ട് തന്നെ വളരെ നിർണായകമായ മത്സരത്തിനാണ് ഗോകുലം കേരള എഫ്‌സി കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയുമായി മികച്ച ഫോമിലാണ് ഗോകുലം കേരള എഫ്‌സി. കഴിഞ്ഞ മത്സരത്തിൽ ചർച്ചിലിനോട് സമനില വഴങ്ങിയതിന് ശേഷം വിജയ വഴിയിൽ തിരിച്ചെത്താനുള്ള മത്സരമായാണ് ഗോകുലം ഇന്നത്തെ മത്സരത്തെ കാണുന്നത്. അന്റോണിയോ ജർമ്മൻ ടീം വിട്ടത് തിരിച്ചടിയാണ് എങ്കിലും ഇരു വിങ്ങിലും കളിക്കാൻ കഴിവുള്ള ക്രിസ്ത്യൻ സബക്ക് ആ വിടവ് നികത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് ബിനോ ജോർജ്ജ്. മികച്ച ഫോമിലുള്ള മലയാളി താരങ്ങളായ അർജ്ജുനും രാജേഷും ബിനോ ജോർജിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. മുൻ ഈസ്റ്റ് ബംഗാൾ താരം കൂടെയായ വിപി സുഹൈറിനും ബിനോ ജോർജ്ജ് അവസരം നൽകിയേക്കും. ക്യാപ്റ്റൻ മുഡെ മൂസ വിലക്ക് മാറി തിരിച്ചെത്തിയിരുന്നു എങ്കിലും കഴിഞ്ഞ മല്സരത്തിൽ അവസരം ലഭിച്ചിരുന്നില്ല.

തുടർച്ചയായ മൂന്നു പരാജയത്തിന് ശേഷമാണ് ഈസ്റ്റ് ബംഗാൾ സ്വന്തം ഗ്രൗണ്ടിൽ ഗോകുലത്തെ നേരിടാൻ ഇറങ്ങുന്നത്. മോശം ഫോമിലുള്ള മധ്യനിര താരം കമൽ പ്രീതിന് പകരം പ്രകാശ് സർക്കാർ ടീമിൽ ഇടം പിടിച്ചേക്കും. കഴിഞ്ഞ ദിവസം ടീമിൽ എത്തിയ സ്പാനിഷ് താരം ജൈമി സാന്റോസിന് ആദ്യ ഇലവനിൽ അവസരം ലഭിചെക്കില്ല.

ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് മത്സരം നടക്കുക.

Advertisement