ഗോകുലം കേരളയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു!! മൊഹമ്മദൻസിനോടും തോൽവി

Nihal Basheer

20230212 194135
Download the Fanport app now!
Appstore Badge
Google Play Badge 1

വിജയവഴിയിൽ തിരിച്ചെത്താൻ ഉള്ള ഗോകുലം കേരളയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകി കൊണ്ട് മുഹമ്മദൻസ്. സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾ കുറിച്ചു കൊണ്ട് മുഹമ്മദൻസ്, ഗോകുലത്തിന് ഹാട്രിക് തോൽവി സമ്മാനിച്ചു. ഒന്നിന് പിറകെ ഒന്നായി പോയിന്റുകൾ നഷ്ടമാക്കിയ ഗോകുലം, ഇതോടെ മൂന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അവസരവും നഷ്ടപ്പെടുത്തി. മുഹമ്മദൻസ് ഒൻപതാം സ്ഥാനത്തേക്ക് കയറി. തോൽവിക്ക് പിറകെ താരങ്ങളുടെ പരിക്കും ഗോകുലത്തിന്റെ തലവേദന വർധിപ്പിക്കും.

20230212 191611

ആദ്യ പകുതിയിൽ ഗോകുലത്തിന് കാര്യമായ ഭീഷണി ഉയർത്താൻ മുഹമ്മദൻസിനായില്ല. ഭൂരിഭാഗം സമയവും പന്ത് കൈവശം വെക്കാനും ആക്രമണങ്ങൾ നടത്താനും സന്ദർശകർക്കായി. ലഭിച്ച ആദ്യ മികച്ച അവസരത്തിൽ തന്നെ ഗോകുലം വല കുലുക്കി. പതിനാലാം മിനിറ്റിൽ പോസ്റ്റിന് മുന്നിൽ നിന്നും ഹക്കുവിന്റെ ശക്തമായ ഹെഡർ കീപ്പറുടെ കൈകിൽ തട്ടി വലയിൽ തന്നെ പതിക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ തുടർച്ചയായി കോർണർ വഴങ്ങിയാണ് മുഹമ്മദൻസ് പ്രതിരോധിച്ചു നിന്നത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ പരിക്കേറ്റ സൗരവിനെ തിരിച്ചു വിളിക്കേണ്ടിയും വന്നിരുന്നു ഗോകുലത്തിന്.

എന്നാൽ രണ്ടാം പകുതിയിൽ ചിത്രം മാറി മറിഞ്ഞു. മുഹമ്മദൻസ് കളി വരുതിയിൽ ആക്കി. അറുപതിയേഴാം മിനിറ്റിൽ അവർ സമനില കണ്ടെത്തി. ഹാൾഡർ ബോക്സിലേക്ക് തൂക്കിയിട്ട് നൽകിയ പാസ് സ്വീകരിച്ചു അബിയോള ദൗദയാണ് ലക്ഷ്യം കണ്ടത്. പിറകെ നിക്കോളയുടെ ലോങ്റേഞ്ചർ ശ്രമം പോസ്റ്റിന് മുകളിൽ അവസാനിച്ചു. പിറകെ ഗോകുലത്തിന്റെ കൗണ്ടറിൽ എൽഡറിന് ലഭിച്ച അവസരം താരം പുറത്തേക്ക് അടിച്ചു കളഞ്ഞു. ശേഷം നൂറിന് ഇഞ്ചുറി കാരണം തിരിച്ചു കയറേണ്ടി വന്നു. എൺപതിയേട്ടാം മിനിറ്റിൽ നിക്കോളയുടെ ഒരു ഷോട്ട് തകർപ്പൻ ഷിബിൻ രാജിന്റെ കാലുകളിൽ തട്ടി പോസ്റ്റിലും തട്ടിയാൽ തെറിച്ചത്. അവസാന നിമിഷങ്ങളിൽ ഗോകുലം പ്രതിരോധം ആടിയുലയുകയായിരുന്നു. ഇഞ്ചുറി ടൈമിൽ മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ എത്തി. ബോക്സിന് വളരെ അകലെ ഇടത് ഭാഗത്ത് നിന്നും കീൻ ലൂയിസ് തൊടുത്ത ശക്തിയേറിയ ലോങ് റേഞ്ചർ ഷിബിനും പിടി കൊടുക്കാതെ വലയിൽ ചെന്ന് പതിച്ചപ്പോൾ ഗോകുലത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഈ തോൽവിയോടെ കിരീട പോരാട്ടത്തിൽ നിന്നും പൂർണമായും പുറത്തായ സ്ഥിതിയിൽ ആണ് ഗോകുലം.