ഐ ലീഗിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഗോകുലം കേരള ഇന്ന് നെരോക്ക എഫ്.സിയെ നേരിടും. ആദ്യ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ മോഹൻ ബഗാനെ സമനിലയിൽ പിടിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോകുലം കേരള നെരോക്കയുടെ ഗ്രൗണ്ടിൽ ഇന്നിറങ്ങുന്നത്. ഐ ലീഗിൽ ഗോകുലത്തിന്റെ ആദ്യ എവേ മത്സരം കൂടിയാണ് ഇന്നത്തേത്.
അതെ സമയം ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തോറ്റാണ് നെരോക്ക ഗോകുലത്തെ നേരിടാനൊരുങ്ങുന്നത്. സ്വന്തം കാണികൾക്ക് മുൻപിലേറ്റ തോൽവിക്ക് ഗോകുലത്തിനെതിരെ ജയിച്ച് പകരം വീട്ടാനാവും നെരോക്കയുടെ ശ്രമം. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ചെറിയ പിഴവുകൾ വരുത്തിയതാണ് നെറോക്കക്ക് തിരിച്ചടിയായത്.
അതെ സമയം രണ്ടാം പകുതിയിൽ പരിശീലകൻ ബിനോ ജോർജ് വരുത്തിയ മാറ്റങ്ങളാണ് ആദ്യ മത്സരത്തിൽ ഗോകുലത്തിനു തുണയായത്. കിട്ടിയ അവസരങ്ങൾ നഷ്ട്ടപെടുത്തിയത്കൊണ്ട് മാത്രമാണ് ആദ്യ മത്സരത്തിൽ 3 പോയിന്റ് ഗോകുലത്തിനു നഷ്ടമായത്. പ്രീതം സിംഗിന്റെയും രാജേഷിനെയും പ്രകടനവും ഗോകുലത്തിന് ആദ്യ മത്സരത്തിൽ മുതൽക്കൂട്ടായി. ഏതൊരു എതിരാളിയെയും മറികടക്കാനുള്ള ശേഷി ഗോകുലത്തിനു ഉണ്ടെന്നു കഴിഞ്ഞ മത്സരത്തിൽ ഗോകുലം മറ്റു ടീമുകൾക്ക് കാണിച്ചു കൊടുത്തതാണ്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഇംഫാലിലെ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. സ്റ്റാർ സ്പോർട്സ് 3യിലും ജിയോ ടിവിയിലും ഹോട് സ്റ്റാറിലും മത്സരം കാണാം.