ഗോകുലത്തിന് പുതിയ ജേഴ്സിയും പുതിയ താളവും, കാത്തിരിക്കാം ഒക്ടോബർ 20വരെ

പുതിയ ഐലീഗ് സീസണ് മുന്നോടിയായി പുതിയ ജേഴ്സിയും ഒപ്പം പുതിയ തീ സോംഗും എത്തുന്നു. ഒക്ടോബർ 20ന് കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജേഴ്സിയും പുതിയ തീം സോംഗും ഗോകുലം കേരള എഫ് സി പുറത്തിറക്കും. കഴിഞ്ഞ സീസണിൽ ജേഴ്സി ഒരുക്കിയ കൈസാൻ തന്നെയാണ് ഇത്തവണ തകർപ്പൻ ജേഴ്സി ഗോകുലത്തിന് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഔദ്യോഗികമായി പുറത്ത് വിട്ടില്ല എങ്കിലും ജേഴ്സിയുടെ ചിത്രങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരുന്നു. ഹോം ജേഴ്സിയുടെ നിറം അടക്കം മാറ്റി തികച്ചും പുതിയ വേഷത്തിലാണ് ഗോകുലം ഈ സീസണിൽ എത്തുക.

ഹോം കിറ്റ് ഉൾപ്പെടെ നാല് കിറ്റുകളാണ് ഗോകുലം പുറത്ത് ഇറക്കുന്നത്. ഹോം ജേഴ്സി ഇത്തവണ ഗോകുലത്തിന്റെ ലോഗോയുടെ നിറത്തിന് സാമ്യമുള്ള നിറത്തിലേക്ക് മാറി. എവേ കിറ്റ് പച്ചയാണ്. വെള്ള നിറത്തിലുള്ള രണ്ടാം എവേ കിറ്റും ഒപ്പം മഞ്ഞ നിറത്തിലുള്ള തേർഡ് കിറ്റും ഉണ്ട്‌.

ഗോകുലത്തിനായി തീം സോംഗ് ഒരുക്കുന്നത് പ്രമുഖ സംഗീത ബാൻഡ് ആയ തൈക്കുഡം ബ്രിഡ്ജ് ആണ്. ഒക്ടോബർ 20ന് കോഴിക്കോട് ബീച്ചിൽ തൈക്കുഡം ബ്രിഡ്ജും ചടങ്ങിനെ കൂടുതൽ ആകർഷകമാക്കാൻ ഉണ്ടാകും. ഒക്ടോബർ 26നാണ് ഐലീഗ് സീസൺ ആരംഭിക്കുന്നത്.

Previous articleആകേയെ സ്വന്തമാക്കാൻ സ്പർസും യൂണൈറ്റഡും, പക്ഷെ തീരുമാനം ചെൽസിയുടെ കയ്യിൽ
Next articleഗവർണേഴ്സ് ഗോൾഡ് കപ്പ് ഒക്ടോബർ 23 മുതൽ