ഗോകുലം കേരള ഇന്ന് സീസൺ തുടങ്ങുന്നു, എതിരാളികൾ മോഹൻ ബഗാൻ

- Advertisement -

ജയന്റ് കില്ലേഴ്സിൽ നിന്ന് ജയന്റ്സായി തന്നെ മാറുക എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി ഇന്ന് തങ്ങളുടെ സീസണ് ആരംഭം കുറിക്കുകയാണ്. ബിനോ ജോർജ്ജിന്റെ കീഴിൽ ഇറങ്ങുന്ന സംഘം ഇന്ന് ശക്തരായ മോഹൻ ബഗാനെയാണ് നേരിടുന്നത്. പക്ഷെ എത്ര ശക്തരായാലും ജയിച്ച് തന്നെ തുടങ്ങാനാണ് ഗോകുലം ഇന്ന് ഇറങ്ങുന്നത്.

കഴിഞ്ഞ സീസണിൽ ഗോകുലത്തിന്റെ അവസാന കളിയും മോഹൻ ബഗാനുമായായിരുന്നു. അന്ന് 1-1 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. മോഹൻ ബഗാനെ കഴിഞ്ഞ തവണ കൊൽക്കത്തയിൽ പോയി തോൽപ്പിച്ച ചരിത്രം കൂടെ ഗോകുലം കേരള എഫ് സിക്ക് ഉണ്ട്. ഇത്തവണ എ എഫ് സി കപ്പ് യോഗ്യത ആണ് ലക്ഷ്യമെന്ന് നേരത്തെ തന്നെ കോച്ച് ബിനോ ജോർജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.

പരിക്കുകൾ ഒന്നും ഇല്ലാത്ത അവസ്ഥയിൽ ഉള്ള ഗോകുലം ഇന്ന് തങ്ങളുടെ ഏറ്റവും മികച്ച ഇലവനെ തന്നെ ആകും രംഗത്ത് ഇറക്കുക. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മൻ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും. വിദേശ താരങ്ങളുടെ എണ്ണം കുറക്കില്ല എന്നും ബിനോ ജോർജ്ജ് ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിന്റെ യുവ താരങ്ങളായ അർജുൻ ജയരാജും, സൽമാനും ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

രാജേഷ്, ഗനി നിഗം, ജിഷ്ണു ബാലകൃഷ്ണൻ, നാസർ തുടങ്ങി പുതുതായി ഗോകുലം കേരളത്തിൽ എത്തിയവർക്കും അവസരം ലഭിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. കഴിഞ്ഞ സീസൺ മികച്ച രീതിയിൽ അവസാനിപ്പിച്ചത് കൊണ്ടും സ്റ്റേഡിയവും സ്റ്റേഡിയത്തിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തിയത് കൊണ്ടും കൂടുതൽ കാണികൾ ഇന്ന് മത്സരത്തിന് എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്നത്തെ ടിക്കറ്റിന്റെ മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ഗോകുലം നേരത്തെ തീരുമാനിച്ചിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്കാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് മത്സരം നടക്കുക.

Advertisement