മനോഹരമായ ആക്രമണ ഫുട്ബാൾ കളിക്കുന്ന രണ്ടു ടീമുകൾ, ഐ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സിയും രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കാൻ ചർച്ചിൽ ബ്രദേഴ്‌സ് ഗോവയും ഇന്ന് ഏറ്റുമുട്ടുന്നു. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ സീസണിൽ ഹോം ഗ്രൗണ്ടിൽ ചർച്ചിലിനോടേറ്റ പരാജയത്തിന് പകരം വീട്ടാൻ ആണ് ഗോകുലം ഇറങ്ങുന്നത്. അവസാന മിനിറ്റിൽ വഴങ്ങിയ പെനാൽറ്റി ആണ് കഴിഞ്ഞ സീസണിൽ ഗോകുലത്തിന് വിനയായത്. ഇപ്രാവശ്യം വിജയത്തിൽ കുറഞ്ഞതൊന്നും ശാശ്വതമാവില്ല എന്നു കോച്ച് ബിനോ ജോര്ജും വ്യക്തമാക്കിയിട്ടുണ്ട്. മുന്നേറ്റ നിരയിൽ രാജേഷ്, സുഹൈർ, ഗനി, ജർമ്മൻ എന്നിവർ എല്ലാം ഫോമിലേക്ക് എത്തിയത് ടീമിന് മുൻതൂക്കം നൽകും. സസ്‌പെൻഷൻ മൂലം പുറത്തിരുന്ന ക്യാപ്റ്റൻ മുഡെ മൂസ തിരിച്ചെത്തുന്നത് ടീമിന്റെ ആത്മവിശ്വാസം വർശിപ്പിക്കും. ആർത്തിരമ്പുന്ന സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച അക്രമണ ഫുട്‌ബോൾ തന്നെയായിരിക്കും ഗോകുലം പുറത്തെടുക്കുക.
കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ 7 ഗോളുകൾ അടിച്ചു കൂട്ടി മികച്ച ഫോമിലാണ് ചർച്ചിൽ ബ്രദേഴ്‌സ്. ഐലീഗിൽ ഇതുവരെ 5 ഗോളുകൾ അടിച്ചു കൂട്ടി ടോപ്പ് സ്‌കോറർ പട്ടികയിൽ ഒന്നാമത് നിൽക്കുന്ന വില്ലിസ് പ്ലാസയിൽ ആണ് ചർച്ചിലിന്റെ പ്രതീക്ഷകൾ. പ്ലാസ ഫോമിലാണെങ്കിൽ ഗോകുലം പ്രതിരോധത്തിന് കനത്ത വെല്ലുവിളിയാവും എന്നതിൽ സംശയമില്ല.
നിലവിൽ 5 മത്സരങ്ങളിൽ നിന്നും 9 പോയിന്റോടെ ചർച്ചിൽ രണ്ടാമതും 8 പോയിന്റോടെ ഗോകുലം കേരള എഫ്‌സി മൂന്നാമതും ആണ്.