അവസാനം ഈസ്റ്റ് ബംഗാളിന് ഒരു ജയം, റിലഗേഷൻ ഭീഷണിയിൽ നിന്ന് രക്ഷപ്പെടുന്നു

- Advertisement -

ഈസ്റ്റ് ബംഗാളിന് നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു ജയം. ഇന്ന് ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ നേരിട്ട ഈസ്റ്റ് ബംഗാൾ ആദ്യം ഒന്ന് വിറച്ചു എങ്കിലും വിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. കളിയുടെ ആറാം മിനുട്ടിൽ തന്നെ ജെയ്മി സാന്റോസിലൂടെ ലീഡ് എടുക്കാൻ ഈസ്റ്റ് ബംഗാളിനായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ആരോസിന്റെ കുട്ടികൾ ശക്തമായി തിരിച്ചടിച്ചു.

47ആം മിനുട്ടിൽ ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും അത് ലക്ഷ്യത്തിൽ എത്തിക്കാൻ ആരോസിന്റെ ക്യാപ്റ്റൻ വിക്രം പ്രതാപ് സിംഗിന് ആയില്ല. പക്ഷെ 54ആം മിനുട്ടിൽ സമനില ഗോൾ നേടിക്കൊണ്ട് വിക്രം പ്രതാപ് സിംഗ് ആ ക്ഷീണം തീർത്തു. വീണ്ടും വിജയം കൈവിടുകയാണ് ഈസ്റ്റ് ബംഗാൾ എന്ന് തോന്നിപ്പിച്ചു എങ്കിലും 62ആം മിനുട്ടിലെ അക്തറിന്റെ ഗോളിലൂടെ കൊൽക്കത്തൻ ശക്തികൾ വീണ്ടും ലീഡിൽ എത്തി. 67ആം മിനുട്ടിൽ റാൾട്ടെയിലൂടെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും ഈസ്റ്റ് ബംഗാൾ നേടി.

പുതിയ പരിശീലകന് കീഴിലെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ വിജയമാണിത്. ഈ വിജയം ഈസ്റ്റ് ബംഗാളിനെ 15 പോയന്റിൽ എത്തിച്ച് എട്ടാം സ്ഥാനത്തേക്ക് ഉയർത്തി. റിലഗേഷൻ ഭീഷണിയിൽ നിന്ന് ഈസ്റ്റ് ബംഗാൾ ഇതോടെ രക്ഷപ്പെട്ടു. എട്ടു പോയന്റുമായി ആരോസ് ഇപ്പോൾ ലീഗിൽ അവസാന സ്ഥാനത്താണ്.

Advertisement