കേരള ടീമുകൾക്ക് കഷ്ടകാലം തുടരുകയാണ്. ഇന്ന് ഐലീഗിൽ നടന്ന പോരാട്ടത്തിൽ കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനോട് ഗോകുലം കേരള എഫ്‌സി പരാജയപ്പെട്ടു. ഈസ്റ്റ് ബംഗാളിന് വേണ്ടി മലയാളി താരം ജോബി ജസ്റ്റിനടക്കം ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഗോകുലം പരാജയത്തിന്റെ രുചി അറിഞ്ഞത്. ഗോകുലത്തിലെ പ്രതിരോധത്തിലെയും റഫറിയിങ്ങിലെയും പിഴവുകൾ ആണ് മത്സരത്തിന്റെ വിധി എഴുതിയത്. അർഹിച്ച ഒരു പെനാൽറ്റി അടക്കം ഗോകുലത്തിന് നഷ്ടമായിരുന്നു.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ മാർക് ചെയ്യപ്പെടാതെ നിന്നിരുന്ന ബ്രണ്ടനിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തു. 15ആം മിനിറ്റിൽ വീണ്ടും പ്രതിരോധത്തിലെ പിഴവിൽ നിന്നും ജോബി ജസ്റ്റിന്റെ ഗോൾ. ആദ്യ പകുതിയിൽ താളം കണ്ടെത്താതെ ഉഴറുന്ന ഗോകുലത്തെ ആയിരുന്നു കണ്ടത്.
രണ്ടാം പകുതിയിൽ 57ആം മിനിറ്റിൽ സബയുടെ ഗോളിലൂടെ മത്സരത്തിലേക് തിരിച്ചു വന്ന ഗോകുലം കൂടുതൽ ആക്രമിച്ചു കളിച്ചു. സമനില ഗോൾ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ വീണ്ടും മുഡേ മൂസയുടെ പിഴവിൽ നിന്നും തുടങ്ങിയ കൗണ്ടർ അറ്റാക്കിൽ ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോൾ പിറന്നു. 82ആം മിനിറ്റിൽ ലാൽരാംചുല്ലൊവയാണ് ഗോൾ നേടിയത്.
തോൽവിയോടെ ഗോകുലം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈസ്റ്റ് ബംഗാൾ ആണ് ആറാം സ്ഥാനത്തുള്ളത്.