ചർച്ചിൽ ട്രാവു പോരാട്ടം സമനിലയിൽ, അവസാന രണ്ടു മത്സരവും ജയിച്ചാൽ ഗോകുലം കേരളക്ക് ഐലീഗ് കിരീടം നേടാം

20210321 161226
- Advertisement -

ഐ ലീഗ് കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ട്രാവു എഫ് സിയും ചർച്ചിൽ ബ്രദേഴ്സും സമനിലയിൽ പിരിഞ്ഞതോടെ ഗോകുലം കേരളയുടെ കിരീട പ്രതീക്ഷ സജീവമായി. ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ള ചർച്ചിലും ട്രാവുവും ഇന്ന് 1-1 എന്ന സമനിലയിലാണ് പിരിഞ്ഞത്. ചർച്ചിൽ ആണ് ഇന്ന് ആദ്യം ഗോൾ നേടിയത്. 28ആം മിനുട്ടിൽ അവരുടെ ടോപ് സ്കോറർ ആയ ലുക ആണ് പെനാൾട്ടിയിലൂടെ ചർച്ചിലിന് ലീഡ് നൽകിയത്.

ആദ്യ പകുതി അവസാനിക്കും മുമ്പ് ആ ഗോളിന് മറുപടി നൽകാൻ ട്രാവുവിനായി. 43ആം മിനുട്ടിൽ ബിദ്യാസാഗറിന്റെ പാസിൽ നിന്ന് ഫൽഗുനി ആണ് ട്രാവുവിന് സമനില നൽകിയത്. ഇരു ടീമുകളും പോയിന്റ് നഷ്ടപ്പെടുത്തിയതോടെ ഇന്ന് മൊഹമ്മദൻസിനെ പരാജയപ്പെടുത്തിയാൽ ഗോകുലം കേരളക്ക് പോയിന്റ് പോയിന്റ് നിലയിൽ ചർച്ചിലിനും ട്രാവുവിനും ഒപ്പം എത്താം. ഗോകുലം കേരളക്ക് 23 പോയിന്റും ചർച്ചിലിനും ട്രാവുവിനും 26 പോയിന്റ് വീതവുമാണ് ഇപ്പോൾ ഉള്ളത്.

അവസാന മത്സരത്തിൽ ഗോകുലം കേരളയും ട്രാവുവുമാണ് ഏറ്റുമുട്ടേണ്ടത്. അതുകൊണ്ട് രണ്ട് മത്സരങ്ങളും വിജയിച്ചാൽ ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലേക്ക് എത്തുന്നത് കാണാൻ ആകും.

Advertisement