നാടകീയതയ്ക്ക് ശേഷം ചെന്നൈ സിറ്റിക്ക് ജയം, ഗോകുലം കളി അവസാനിപ്പിച്ചത് 8 പേരുമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് വീണ്ടും നിരാശ. ഇന്ന് കോഴിക്കോട് വെച്ച് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ നേരിട്ട ഗോകുലം കേരള എഫ് സി പരാജയം നേരിട്ടു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ തോൽവി. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആവാത്തതാണ് ഗോകുലത്തിന് തിരിച്ചടിയായത്. കളിയുടെ അവസാന മിനുട്ടുകളിൽ ചുവപ്പ് കാർഡുകളുടെ പെരുമഴയും ഇന്ന് കോഴിക്കോട് കാണാൻ കഴിഞ്ഞു.

കൗണ്ടർ അറ്റാക്കിങ് ടാക്ടിക്സ് ഫലപ്രദമായി നടപ്പിലാക്കിയാണ് ചെന്നൈ സിറ്റി ഗോകുലത്തെ തോൽപ്പിച്ചത്. 44ആം മിനുട്ടിൽ മിറാണ്ടയുടെ വകയായിരുന്നു ചെന്നൈ സിറ്റിയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ പ്രവിറ്റോ രാജുവും, ശ്രീരാമും കൂടെ ഗോളടിച്ചപ്പോൾ 76 മിനുട്ടിൽ ചെന്നൈ സിറ്റി 3-0ന് മുന്നിൽ എന്ന നിലയിലായി. പിന്നീടാണ് ഗോകുലം തിരിച്ചടിക്കാൻ തുടങ്ങിയത്. സബ്ബായി എത്തിയ ശിബിൽ ഒന്നിനു പിറകെ ഒന്നായി രണ്ട് ഗോളുകൾ ചെന്നൈ സിറ്റി വലയിൽ എത്തിച്ച് കളി ആവേശകരമാക്കി.

പക്ഷെ പരുക്കമായ കളി ആ താളം തെറ്റിച്ചു. ആദ്യ ഗോകുലം കേരള എഫ് സി കീപ്പർ വിക്കി പരിക്കേറ്റ് പുറത്ത് പോയി. സബ്സ്റ്റിട്യൂഷൻ കഴിഞ്ഞതിനാൽ ഗോകുലം ഡിഫൻഡറായ ഹാറൂനെ ഗോൾ കീപ്പറാക്കേണ്ടി വന്നു. വിക്കി പോയതോടെ ഗോകുലം കേരള എഫ് സി 10 പേരായി ചുരുങ്ങുകയും ചെയ്തു. പിന്നാലെ ഗോകുലത്തിന്റെ ഇർഷാദും, ഹാറൂനും ചുവപ്പ് കണ്ട് പുറത്തു പോയി. മത്സരം അവസാനിക്കുമ്പോൾ ഗോകുലത്തിനായി എട്ടു പേർ മാത്രമേ കളത്തിൽ ഉണ്ടായിരുന്നുള്ളൂ. ചെന്നൈ സിറ്റി നിരയിൽ മഷൂറും ചുവപ്പ് കണ്ടു.