ചെന്നൈ സിറ്റിക്ക് കിരീടത്തിൽ ഒരു കൈ ആയെന്ന് പറയാം. ഇന്ന് ഈസ്റ്റ് ബംഗാളിനെ ഐസാൾ സമനിലയിൽ തളച്ചതാണ് ചെന്നൈ സിറ്റിയുടെ കിരീടം ഏതാണ്ട് ഉറപ്പാക്കിയത്. രണ്ട് മത്സരങ്ങൾ ശേഷിക്കെ ഒരു ജയം മാത്രം മതിയാകും ചെന്നൈ സിറ്റിക്ക് ഇനി കിരീടം നേടാൻ.
ഇന്നലത്തെ ജയത്തോടെ ചെന്നൈ സിറ്റിക്ക് ലീഗിൽ 40 പോയന്റായിരുന്നു. ചെന്നൈക്ക് പിറകിൽ ഉള്ള ഈസ്റ്റ് ബംഗാളിനും റിയൽ കാശ്മീരിനും ഇപ്പോൾ 33 പോയന്റ് മാത്രമെ ഉള്ളൂ. ഇനി ഇരുവർക്കും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാലും 42 പോയന്റ് മാത്രമേ ആവുകയുള്ളൂ. അതുകൊണ്ട് തന്നെ ചെന്നൈക്ക് ഒരു ജയം മതിയാകും കിരീടം നേടാൻ. മിനേർവയ്ക്ക് എതിരെയും ചർച്ചിൽ ബ്രദേഴ്സിനെതിരെയുമാണ് ചെന്നൈയുടെ ബാക്കിയുള്ള മത്സരങ്ങൾ.
ഇന്ന് ഐസാൾ ഈസ്റ്റ് ബംഗാൾ മത്സരം 1-1 എന്ന സ്കോറിനാണ് അവസാനിച്ചത്. ഐസാളിനായി ദോദോസും, ഈസ്റ്റ് ബംഗാളിനായി എസ്കേഡയുമാണ് ഗോൾ നേടിയത്. ഐസാളിന്റെ ഒരു ഗോൾ റഫറി അനുവദിക്കാത്തതും രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കാരണം 10 പേരായി ചുരുങ്ങിയതും ഈസ്റ്റ് ബംഗാളിന് അനുകൂള ഘടകങ്ങൾ ആയിരുന്നു. എന്നിട്ടും വിജയം കണ്ടെത്താൻ ഈസ്റ്റ് ബംഗാളിനായില്ല.