അർജുൻ ജയരാജ് ഗോകുലം കേരളയിൽ തിരികെയെത്തി

Newsroom

കേരള യുണൈറ്റഡ് വിട്ട അർജുൻ ജയരാജ് തന്നെ താനാക്കി മാറ്റിയ ഗോകുലം കേരളയിലേക്ക് തിരികെയെത്തി. അവസാന രണ്ടു സീസണായി അർജുൻ ജയരാജ് കേരള യുണൈറ്റഡിനൊപ്പം ആയിരുന്നു. അവരുടെ ക്യാപ്റ്റൻ കൂടി ആയിരുന്നു അർജുൻ ജയരാജ്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ടാായിരുന്നു രണ്ടു വർഷം മുമ്പ് അർജുൻ ജയരാജ് കേരള യുണൈറ്റഡിൽ എത്തിയത്‌. കേരള ബ്ലാസ്റ്റേഴ്സിൽ ഒരു മത്സരം പോലും കളിക്കാൻ ആവാതെ ആയിരുന്നു അർജുൻ അന്ന് ക്ലബ് വിട്ടത്.

മധ്യനിര താരമായ അർജുൻ ജയരാജ് മുമ്പ് രണ്ട് ഐലീഗ് സീസണുകളിൽ ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു. ഗോളുകൾ നേടാനും ഗോൾ അവസരം സൃഷ്ടിക്കാനും കഴിവുള്ള അർജുൻ അന്ന് രാജ്യം പ്രതീക്ഷയോടെ കണ്ടിരുന്ന താരമായിരുന്നു. തിരികെ ഗോകുലത്തിൽ എത്തുമ്പോൾ ആ പഴയ അർജുൻ ആയി മാറാൻ ആകും താരം ശ്രമിക്കുക. അടുത്തിടെ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോഴും അർജുൻ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.