മലാസിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മെഡിക്കൽ പൂർത്തിയാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ സൈനിംഗ് ആകാൻ പോകുന്ന മലാസിയ ഇന്ന് മാഞ്ചസ്റ്ററിൽ മെഡിക്കൽ പൂർത്തിയാക്കി. താരം ഇന്നലെ മാഞ്ചസ്റ്ററിൽ എത്തിയിരുന്നു. രണ്ട് ദിവസങ്ങളിൽ ആയാണ് മെഡിക്കൽ പൂർത്തിയാക്കിയത്‌. താരം കരാറും ഒപ്പുവെച്ചു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. മലാസിയയുടെയും എറിക്സന്റെയും സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ആഴ്ച തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

യുവ ഫുൾബാക്ക് ടൈറൽ മലസിയ ഫെയനൂർഡിൽ നിന്നാണ് യുണൈറ്റഡിലേക്ക് എത്തുന്നത്. ഡച്ച് താരത്തിനായി 18 മില്യൺ യൂറോയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകും. 22കാരനായ താരം അവസാന കുറേ വർഷങ്ങളായി ഫെയനൂർഡിന്റെ ഒപ്പം ആണ്. 2008ൽ ആയിരുന്നു മലസിയ ഫെയനൂർഡ് അക്കാദമിയിൽ ചേർന്നത്.

2017ൽ ഫെയനൂർഡിനായി സീനിയർ അരങ്ങേറ്റം നടത്തി. അവിടെ നിന്ന് ഇങ്ങോട്ട് നൂറിൽ അധികം മത്സരങ്ങൾ താരം ഡച്ച് ക്ലബിനായി കളിച്ചു. കഴിഞ്ഞ വർഷം ഡച്ച് ദേശീയ ടീമിനായി അരങ്ങേറ്റം നടത്താനും അദ്ദേഹത്തിനായി.