ലീഡെടുത്ത ശേഷം തോൽവി ഏറ്റുവാങ്ങുന്നത് ഒരു ശീലമാക്കി ഗോകുലം കേരള എഫ്‌സി. കോഴിക്കോട് വെച്ച് നടന്ന നിർണായക മത്സരത്തിൽ ഐസോൾ എഫ്‌സിയോട് ആണ് ഗോകുലം കേരള എഫ്‌സി തോൽവി ഏറ്റുവാങ്ങിയത്. ആദ്യം ലീഡ് എടുത്ത ശേഷം മൂന്നു ഗോളുകൾ വഴങ്ങിയാണ് ഗോകുലം തോറ്റത്. നിലവിൽ ലീഗ് ടേബിളിൽ പത്താം സ്ഥാനത്തുള്ള ഗോകുലം ഇനി ഐലീഗിൽ നിലനിൽക്കണം എങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.
മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ഗോകുലം മുന്നിൽ എത്തിയിരുന്നു. മർകസ് ജോസഫിന്റെ ഒരു കിടിലൻ ഫ്രീ കിക്കിലൂടെ ആണ് ഗോകുലം മുന്നിൽ എത്തിയത്. തുടർന്ന് ആദ്യ പകുതിയിൽ സ്‌കോർ നിലയിൽ മാറ്റം ഒന്നുമില്ലാതെ മത്സരം തുടർന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ആണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഗോകുലം മത്സരം വിജയിക്കും എന്ന് തോന്നിയിടത്തു ഐസോളിന്റെ ആദ്യ ഗോൾ വീണു. യുവതാരം പോൾ റാംഫെങ്‌സായ്വ ആണ് ഗോൾ നേടിയത്. 88ആം മിനിറ്റിൽ ലാൽഖ്വപുൽമാവിയ ഐസോളിന്റെ രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമിൽ 97ആം മിനിറ്റിൽ ക്രൊമാ മൂന്നാം ഗോളും നേടി ഗോകുലത്തിന്റെ പതനം പൂർത്തിയാക്കി.