മോഹൻ ബഗാനെ തറപറ്റിച്ച് ആരോസിന്റെ കുട്ടികൾ, മലയാളി താരം രാഹുലിന് ഗോൾ

മലയാളി യുവതാരം രാഹുൽ അടക്കം ഗോൾ നേടിയ മത്സരത്തിൽ വമ്പന്മാരായ മോഹൻ ബഗാനെ തറപറ്റിച്ച് ഇന്ത്യൻ ആരോസിന്റെ കുട്ടികൾ. സാൾട് ലേക്കിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യൻ ആരോസ് കൊൽക്കത്തൻ ടീമിനെ തോല്പിച്ചത്. ഇതോടെ 20 മത്സരങ്ങളും പൂർത്തിയാക്കിയ ആരോസ് 21 പോയിന്റ് നേടി റെലഗെഷനിൽ നിന്നും രക്ഷപ്പെട്ടു. ആരോസ് നിലവിൽ ഏഴാം സ്ഥാനത്താണ്.

അസ്ഹറുദിന് മല്ലിക്കിലൂടെ ബഗാൻ ആണ് ഗോൾ പട്ടിക തുറന്നത്, പതിനേഴാം മിനിറ്റിൽ ആയിരുന്നു ഗോൾ പിറന്നത്. എന്നാൽ 28ആം മിനിറ്റിൽ അഭിജിത് സർക്കാരിലൂടെ ഇന്ത്യൻ ആരോസ് സമനില പിടിച്ചു. ആദ്യ പകുതിയിൽ 1-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ ആണ് മലയാളി താരം രാഹുൽ കെപിയുടെ ഗോൾ പിറന്നത്. 74 ആം മിനിറ്റിൽ ആയിരുന്നു രാഹുലിന്റെ ഗോൾ. സമനിലക്കായി പൊരുതി കളിച്ച ബാഗാന് ഇടിത്തീ പോലെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം രോഹിത് ധനു ഗോൾ നേടി ഇന്ത്യൻ ആരോസിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

മോഹൻ ബഗാന്റെ തുടർച്ചയായ രണ്ടാം തോൽവി ആണിത്. 19 മത്സരങ്ങളിൽ നിന്നും 26 പോയിന്റുമായി മോഹൻ ബഗാൻ ആറാം സ്ഥാനത്താണിപ്പോൾ.

Previous articleനിർണായക മത്സരത്തിലും രക്ഷയില്ല, ലീഡെടുത്ത ശേഷം ഐസോളിനോട് തോറ്റ് ഗോകുലം കേരള എഫ്‌സി
Next articleആൽബക്ക് ബാഴ്സയിൽ പുതിയ കരാർ