ഐസ്വാളും നെറോകയും തമ്മിലുള്ള ഐ ലീഗ് നോർത്ത് ഈസ്റ്റേൺ ഡെർബി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരെ മറികടന്ന് ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താമെന്ന നെറോകയുടെ പ്രതീക്ഷ ഇതോടെ ഇല്ലാതായി. കഴിഞ്ഞ എല്ലാ മത്സരങ്ങളിലേതു പോലെ നിറഞ്ഞ ഗാലറിയാണെങ്കിലും അവർ അർഹിച്ച വിജയം നൽകാൻ നെറോകക്കയില്ല.
മത്സരത്തിൽ മികച്ച തുടക്കമാണ് നെറോകക്ക് ലഭിച്ചത്. പക്ഷെ കിട്ടിയ അവസരങ്ങൾ മുതലാക്കാൻ അവർക്കായില്ല. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഗോപി സിങ്ങിന് കിട്ടിയ അവസരം പുറത്തടിച്ചു കളയുകയായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ മാത്രം നിൽക്കേ ഐസ്വാൾ ഫോർവേഡ് ലേൺസ് ഡോഡോസിനു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ ലക്‌ഷ്യം തെറ്റി പുറത്തുപോവുകയായിരുന്നു.
തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം നിൽക്കെ സുഭാഷ് സിംഗിന്റെ ക്രോസിൽ നിന്ന് ലീഡ് നേടാനുള്ള മികച്ച അവസരം നെറോകയുടെ നെഡോ ടർക്കോവിച്ചിന് ലഭിച്ചെങ്കിലും താരം അവസരം നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. രണ്ടാം പകുതിയിൽ നെറോകയുടെ ഫെലിക്സ് ചിഡിക്ക് അവസരം ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ താരത്തിനായില്ല. നെറോകക്ക് 15 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുണ്ട്. 13 മത്സരങ്ങളിൽ നിന്ന് ഐസ്വാളിന് 17 പോയിന്റുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

 
					












