20230219 193934

ചർച്ചിൽ ബ്രദേഴ്‌സിനെ വീഴ്ത്തി ഗോകുലം മൂന്നാം സ്ഥാനത്തേക്ക്

മൂന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ ടീമുകളുടെ പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ഗോകുലം കേരള. ഇതോടെ ഒരു മത്സരം കുറച്ചു കളിച്ച ട്രാവുവിനെ മറികടന്ന് ഗോകുലം മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ചർച്ചിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഫാർഷാദ് നൂർ ആണ് നിർണായക ഗോൾ കണ്ടെത്തിയത്. മോശം ഫോമിനിടെ തുടർച്ചയായ വിജയങ്ങൾ നേടാൻ കഴിഞ്ഞത് ഗോകുലത്തിന് വലിയ ആശ്വാസം നൽകും.

ഇരു ടീമുകളും തുടക്കം മുതൽ ആക്രമണത്തിന് മുൻതൂക്കം നൽകി ഇറങ്ങിയപ്പോൾ ഗോൾ കീപ്പർമാർക്ക് പിടിപ്പത് പണി ആയിരുന്നു. ആൽബിനോ ഗോമസ്, ഷിബിൻ രാജ് എന്നിവർ അവസരത്തിനൊത്ത് ഉയർന്നപ്പോൾ പലതവണ ലക്ഷ്യത്തിലേക്ക് ഉന്നം വെച്ചിട്ടും ഇരു ടീമുകൾക്കും വല കുലുക്കാൻ ആയില്ല. 20ആം മിനിറ്റിൽ മത്സരത്തിലെ ഒരേയൊരു ഗോൾ പിറന്നു. നൗഫൽ ബോക്സിലേക്ക് നൽകിയ ത്രൂ ബോളിനോപ്പം ഓടി കയറിയ ഫാർഷാദ് നൂർ തടയാൻ എത്തിയ ഡിഫന്ററെയും കീപ്പറേയും മറികടന്ന് പന്ത് വലയിൽ എത്തിച്ചു. പിന്നീട് ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചു. രണ്ടാം പകുതിയിൽ ചർച്ചിലിന് കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ചെങ്കിലും ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. അവസാന മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നും ചർച്ചിലിന് ലഭിച്ച സുവർണാവസരത്തിലും ഷിബിൻ രാജ് തന്നെ രക്ഷകനായി. പലപ്പോഴും മത്സരം കയ്യങ്കാളിയിലേക്ക് കൂടി നീങ്ങിയതോടെ നിരവധി കാർഡുകൾ ആണ് റഫറി പുറത്തെടുത്തത്.

Exit mobile version