ദൈവത്തിന്റെ കൈകൾ… ദൈവത്തിന്റെ കൈകളിലേക്ക്!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മറഡോണ, ലോകത്ത് ഫുട്ബോൾ അറിയുന്നവനും അറിയാത്തവർക്കും ഒക്കെ പരിചിതമായ പേര്. അദ്ദേഹം ഫുട്ബോൾ കൊണ്ട് ചെയ്ത അത്ഭുത പ്രവർത്തികൾ ഒരുപാട് ഓർമ്മയിൽ ഉണ്ട് എങ്കിലും അദ്ദേഹത്തെ ലോകം കണ്ടു കൊണ്ടിരുന്നത് ജീവിതത്തെ അലസമായി കാണുന്ന ഒരു വ്യക്തി ആയായിരുന്നു. എല്ലായിപ്പോഴും തമാശയും ആഘോഷങ്ങളും മാത്രമേ മറഡോണയ്ക്ക് ചുറ്റും ഉണ്ടായിരുന്നുള്ളൂ. ആരും കാര്യമാക്കി എടുക്കാത്ത വ്യക്തി ഇന്ന് ലോകത്തെ മുഴുവൻ കണ്ണീരിൽ ആഴ്ത്തുന്നത് എങ്ങനെയാണ്?

ഫുട്ബോളിൽ മറഡോണയ്ക്ക് ഉള്ള സ്ഥാനം അത്രയ്ക്ക് വലുതാണ് എന്ന് തിരിച്ചറിവാകാം ഈ കണ്ണീർ. മെസ്സിയും റൊണാൾഡോയും ഒക്കെ വരും മുമ്പേ ഫുട്ബോൾ ലോകത്തെ മനസ്സിൽ ഉറച്ച പേരാണ് മറഡോണ. ലോകത്തെ ഏറ്റവും മികച്ച താരം അദ്ദേഹമാണെന്ന് മറഡോണയുടെ കളി കണ്ടവർ മനസ്സിൽ കുറിച്ചു. അതിനേക്കാൾ മികച്ചതൊന്ന് വരില്ല എന്ന് അവർക്ക് അത്രയ്ക്ക് ഉറപ്പായിരുന്നു.

നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ അർജന്റീന എന്ന ഒരു രാജ്യത്തിന് ഇത്രയും ആരാധകർ ഉണ്ടാവാൻ ഒരേ ഒരു കാരണം ദൈവത്തിന്റെ കൈകൾക്ക് ഉടമയായ മറഡോണ തന്നെയാണ്. വലിയ ടീമുകൾക്കും താരങ്ങൾക്കും ഒപ്പം നിന്ന് നേട്ടം കൊയ്ത് താരമായ ആളല്ല മറഡോണ. ആരും ഒരു സാധ്യതയും കൽപ്പിക്കാത്ത ടീമുകൾക്ക് ഒപ്പം വന്ന് അവരെ മുന്നിൽ നിന്ന് നയിച്ച് അവർക്കായി തന്റെ ഒരോ ശ്വാസവും കൊടുത്ത് കിരീടങ്ങൾ വാരി കൊണ്ടുപോയ ആളാണ് മറഡോണ.

മറഡോണ നാപൾസിൽ വരുന്ന കാലത്ത് ഇറ്റലിയിൽ വടക്കൻ ക്ലബുകളുടെ ആധിപത്യം ആയിരുന്നു. സൗത്ത് ഇറ്റലിയിൽ നിന്ന് ഒരു ക്ലബ് പോലും ഇറ്റാലിയൻ ലീഗ് കിരീടം നേടിയിരുന്നില്ല എന്ന് ഓർക്കണം. മറഡോണ ആ ടീമിനെ തോളിലേറ്റി. നാപോളിയുടെ ആരാധകർ അദ്ദേഹത്തെ നെഞ്ചിലുമേറ്റി. ബ്രുസ്കലോറ്റിയിൽ നിന്ന് നാപോലീയുടെ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത മറഡോണ പിന്നീട് അവിടെ ചരിത്രം എഴുതി. രണ്ട് ലീഗ് കിരീടം അടക്കം അഞ്ച് കിരീടങ്ങളുമായായിരുന്നു മറഡോണ നാപോളി വിട്ടത്. മറഡോണയ്ക്ക് ശേഷം ഇതുവരെ നാപോളി ലീഗ് കിരീടം തൊട്ടിട്ടില്ല എന്നത് ഓർക്കണം. അർജന്റീനയ്ക്കം മറഡോണ നേടിക്കൊടുത്ത 1986ലെ ലോകകപ്പിന് ശേഷം ഒരു ലോകകപ്പ് ഇല്ല എന്നത് മറഡോണയുടെ മികവ് എന്തായിരുന്നു എന്നതിന്റെ തെളിവാണ്.

ഫുട്ബോൾ കളത്തിലും ജീവിതത്തിലും ഒരു പോലെ റിബൽ ആയിരുന്നു മറഡോണ. ആരും പ്രതീക്ഷിക്കുന്നത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്യാത്ത പ്രകൃതം. അവസാനം രണ്ടാഴ്ച മുമ്പ് തലയിൽ ശസ്ത്രക്രിയ ചെയ്ത ശേഷം ബോധം തെളിഞ്ഞപ്പോൾ അത് ശസ്ത്രക്രിയ വിജയകരമയത് മറഡോണ നൃത്തം വെച്ചായിരുന്നു ആഘോഷിച്ചത് എന്ന് ഡോക്ടർമാർ പറയുകയുണ്ടായി. അതായിരുന്നു മറഡോണ. ദൈവത്തിന്റെ കൈകൾ ആണ് തനിക്ക് ആ വിവാദ ഗോൾ തന്നത് എന്ന് പറഞ്ഞ മറഡോണ ഇന്ന് ദൈവത്തിന്റെ കൈകളിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. ഫുട്ബോളിൽ നിന്ന് ആര്‍ക്കും മായ്ക്കാൻ കഴിയാത്ത പേരായി ഉറച്ച മറഡോണ എന്ന മഹാ പ്രതിഭയ്ക്ക് പ്രണാമം.