ഗോകുലം കേരളയെ തടയാൻ ലോർഡ്സിനുമായില്ല, കേരള വനിതാ ലീഗ് ഫൈനലിലേക്ക്

ഗോകുലം കേരളയുടെ കേരള വനിതാ ലീഗിലെ ആധിപത്യം അവസാനിപ്പിക്കാൻ ലോർഡ്സ് എഫ് എയ്ക്കും ആയില്ല. ഇന്ന് കോഴിക്കോട് എ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം ഗോകുലം കേരള അനായാസം നേടി. തുടക്കത്തിൽ ഒന്ന് പതറിയ ശേഷമായിരുന്നു ഗോകുലത്തിന്റെ വിജയം.

16ആം മിനുട്ടിൽ മാനസ നേടിയ ഗോൾ ഗോകുലത്തിന് ലീഡ് നൽകി. ഇതിന് വിൻ തുങ്ങിലൂടെ 21ആം മിനുട്ടിൽ ലോർഡ്സ് പകരം നിന്നു. അവസാന രണ്ടു സീസണുകളിലായി ഗോകുലം കേരള വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. അതിനു ശേഷം പക്ഷെ ഗോകുലം അവരുടെ ഉഗ്രരൂപം കളത്തിൽ കാണിച്ചു. ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാർ ലോർഡ്സ് ഡിഫൻസിനെ തീർത്തും പ്രതിരോധത്തിൽ ആക്കി.

ഗോകുലം കേരള 1447

ആദ്യ പകുതിയുടെ അവസാനം സോണിയയിലൂടെ ഗോകുലം ലീഡ് എടുത്തു. രണ്ടാം പകുതിയിൽ വിവിയൻ, ബെർത എന്നിവർക്ക് ഒപ്പം മാനസ കൂടെ ഒരു ഗോൾ നേടി. ഇതോടെ ഗോകുലത്തിന്റെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ ഗോകുലത്തിന് എട്ട് മത്സരങ്ങളിൽ നിന്ന് 24 പോയിന്റായി. ഗോകുലം ഒന്നാം സ്ഥാനത്താണുള്ളത്. അവർ ഫൈനൽ ഉറപ്പിച്ചു. ഇനി അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെടാതിരുന്നാൽ ഒന്നാം സ്ഥാനം ഉറപ്പിക്കാം.

ലോർഡ്സ് ഇപ്പോൾ 22 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടാൽ ലോർഡ്സ് ഫൈനലിൽ എത്തും. ഫലം മറ്റെന്തായാലും കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറും.