കുൽദീപിന് മുന്നിൽ കൂപ്പുകുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ്, ഇന്ത്യയ്ക്ക് അനായാസ വിജയം

Kuldeepyadav

ഡൽഹി ഏകദിനത്തിൽ മിന്നും വിജയവുമായി ഇന്ത്യ. ഇന്ത്യന്‍ ബൗളിംഗിന് മുന്നിൽ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ചൂളിയപ്പോള്‍ 27.1 ഓവറിൽ 99 റൺസിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആകുകയായിരുന്നു.

34 റൺസ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് നേടിയപ്പോള്‍ വാഷിംഗ്ടൺ സുന്ദര്‍, മൊഹമ്മദ് സിറാജ്, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിലാണ് വിജയം കുറിച്ചത്. 49 റൺസുമായി ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. ശിഖര്‍ ധവാന്‍(8), ഇഷാന്‍ കിഷന്‍(10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.  ശ്രേയസ്സ് അയ്യര്‍ 28 റൺസും നേടി. വിജയ ലക്ഷ്യം 3 റൺസ് അകലെയുള്ളപ്പോളാണ് ഗില്ലിന് തന്റെ അര്‍ദ്ധ ശതകം നഷ്ടമായത്.  സിക്സര്‍ പറത്തി ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ വിജയം ഉറപ്പാക്കിയപ്പോള്‍ പരമ്പര ഇന്ത്യ 2-1 എന്ന നിലയിൽ സ്വന്തമാക്കി.