ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള വീണ്ടും ചാമ്പ്യൻസ്. ഇന്ന് ഫൈനലിൽ കിക്ക്സ്റ്റാർട് എഫ് സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് ഗോകുലം കേരള കിരീടം ഉറപ്പിച്ചത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഗോകുലം കേരള വനിതാ ലീഗ് സ്വന്തമാക്കുന്നത്. മൂന്ന് കിരീടം നേടിയ ഗോകുലം തന്നെയാണ് ഏറ്റവും കൂടുതൽ വനിതാ ലീഗ് കിരീടം നേടിയ ക്ലബും.
ഇന്ന് മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ ഗോകുലം കേരള ലീഡ് എടുത്തു. സബിത്ര ആണ് ഒരു ഗംഭീര ഫിനിഷിലൂടെ ഗോകുലത്തിന്റെ ഗോൾ വേട്ട ആരംഭിച്ചത്. മത്സരത്തിന്റെ 22ആം മിനുട്ടിൽ സന്ധ്യ ഗോകുലം കേരളയുടെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടിയിലൂടെ ഇന്ധുമതി കൂടെ ഗോൾ നേടിയതോടെ ഗോകുലം 3 ഗോളുകൾക്ക് മുന്നിൽ എത്തി.
രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ സന്ധ്യ വീണ്ടും ഗോകുലത്തിനായി ഗോൾ നേടി. 80ആം മിനുട്ടിൽ റോജ കൂടെ ഗോൾ നേടിയതോടെ ഗോകുലം കേരള വിജയവും കിരീടവും ഉറപ്പിച്ചു.
ഈ സീസണിലും ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഗോകുലം കേരള കിരീടത്തിലേക്ക് എത്തിയത്. ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങളിൽ നിന്ന് 64 ഗോളുകൾ ഗോകുലം കേരള അടിച്ചു കൂട്ടി. 29 ഗോളുകളുമായി സബിത്ര ടൂർണമെന്റിലെ ടോപ് സ്കോററുമായി.