തുർക്കിയിൽ ഗലറ്റസരെയ്ക്ക് 22ആം ലീഗ് കിരീടം

തുർക്കിഷ് ലീഗ് കിരീടം ഗലറ്റസെരെ സ്വന്തമാക്കി. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബസക്സെഹിറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് കിരീടം ഉറച്ചത്. ഇനിയും ഒരു റൗണ്ട് മത്സരം ബാക്കി നിൽക്കെയാണ് കിരീട നേട്ടം. 33 മത്സരങ്ങളിൽ നിന്ന് 69 പോയന്റുമായാണ് ഗലറ്റസെരെ ലീഗ് കിരീടം സ്വന്തമാക്കിയത്.

ഫെഗോളിയും ഒന്യേകുരുവുമാണ് ഇന്നലെ ഗലറ്റസെരയ്ക്കായി ഗോളുകൾ നേടിയത്. ഗലറ്റസെരെയുടെ 22ആം ലീഗ് കിരീടമാണ് ടീമിന് ഇത്. തുടർച്ചയായ രണ്ടാം ലീഗ് കിരീടവും. ഗലറ്റസെരെ തന്നെയാണ് ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ തുർക്കിയിൽ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച തുർക്കിഷ് കപ്പും ഗലറ്റസരെ സ്വന്തമാക്കിയിരുന്നു.