ഇതിഹാസ താരം ആന്ദ്ര ഷെവ്ഷെങ്കോ ഉക്രൈൻ ഫുട്‌ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി. കഴിഞ്ഞ യൂറോ കപ്പിൽ ചരിത്രത്തിൽ ആദ്യമായി ഉക്രൈനെ ക്വാർട്ടർ ഫൈനലിൽ എത്തിച്ച ഷെവ്ഷെങ്കോ ദേശീയ ടീമും ആയുള്ള കരാർ അവസാനിച്ചതിനാൽ ആണ് ടീം വിടുന്നത്. സാമൂഹിക മാധ്യമത്തിൽ ഷെവ്ഷെങ്കോ തന്നെയാണ് വിവരം പുറത്തു വിട്ടത്.
ഉക്രൈൻ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ താരമായ മുൻ ബാലൻ ഡി യോർ ജേതാവ് ആയ ഷെവ്ഷെങ്കോ പരിശീലകൻ ആയും മികവ് കാണിച്ചു. ഇംഗ്ലണ്ടിനോട് ക്വാർട്ടർ ഫൈനലിൽ 4-0 നു തോൽവി ഏറ്റുവാങ്ങിയെങ്കിലും ടീമിനെ അവിടം വരെ എത്തിക്കാൻ ആയതും മികച്ച ആക്രമണ ഫുട്‌ബോൾ കളിച്ചതും മുൻ എ. സി മിലാൻ, ചെൽസി താരത്തിന്റെ മികവ് തന്നെയാണ്. ടീമിന് ആശംസകൾ നേർന്ന താരത്തിന്റെ ഭാവി പരിപാടികൾ എന്തെന്നു വ്യക്തമല്ല.