അഞ്ച് താരങ്ങൾ ഇംഗ്ലീഷ് ടീമിന് വേണ്ടി വല കുലുക്കിയ മത്സരത്തിൽ ചൈനക്ക് ലോകകപ്പിൽ നേരിടേണ്ടി വന്നത് ഒന്നിനെതിരെ ആറു ഗോളുകളുടെ വമ്പൻ തോൽവി. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഇംഗ്ലണ്ട് അടുത്ത റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹെയ്തിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഡെന്മാർക്കും നോക് ഔട്ട് പോരാട്ടങ്ങൾക്ക് പേരു കുറിച്ചു. ചൈന ആദ്യമായാണ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുന്നത് എന്നതും ചരിത്രമായി. ഇരട്ട ഗോളും അസിസ്റ്റുകളുമായി ലോറൻ ജെയിംസ് ആണ് ഇംഗ്ലീഷ് ടീമിന് തിളങ്ങിയത്. ഇംഗ്ലണ്ടിന് നൈജീരിയ ആണ് അടുത്ത റൗണ്ടിൽ എതിരാളികൾ. ഡെന്മാർക്കിന് ഓസ്‌ട്രേലിയയും.
പ്രീ ക്വർട്ടർ ഉറപ്പിക്കാൻ ജയം തന്നെ ലക്ഷ്യം വെച്ചിറങ്ങിയ ചൈനക്ക് മുകളിൽ നാലാം മിനിറ്റിൽ തന്നെ ഇംഗ്ലണ്ടിന്റെ പ്രഹരം എത്തി. ലോറൻ ജയിംസിന്റെ അസിസ്റ്റിൽ നിന്നും അലെസ്യാ റൂസ്സോ വല കുലുക്കുമ്പോൾ മത്സരം നാല് മിനിറ്റ് തികഞ്ഞിട്ടെ ഉണ്ടായിരുന്നുള്ളൂ. 26ആം മിനിറ്റിൽ ഒരിക്കൽ കൂടി ലോറൻ ജെയിംസ് എതിർ പ്രതിരോധത്തെ കീറി മുറിച്ചു നൽകിയ പാസ് ലോറൻ ഹേംപ് വലയിൽ എത്തിച്ചു. നാല്പത്തിയാറാം മിനിറ്റിൽ വലത് വിങ്ങിൽ നിന്നും എത്തിയ നിലം പറ്റെയുള്ള ഫ്രീകിക്ക് ബോക്സിന് പുറത്തു നിന്നും നേരെ വലയിലേക്ക് തിരിച്ചു വിട്ട് ലോറൻ ജെയിംസ് തന്നെ സ്കോറിങ് ബോർഡിൽ ഇടം പിടിച്ചു. 57ആം മിനിറ്റിൽ വാങ് ഷുവാങ് പെനാൽറ്റിയിലൂടെ ചൈനയുടെ ഗോൾ കണ്ടെത്തി. 65ആം മിനിറ്റിൽ ജെസ് കാർട്ടരുടെ മനോഹരമായ ഒരു ക്രോസ് നേരെ വലയിൽ എത്തിച്ച് ലോറൻ ജെയിംസ് വീണ്ടും വല കുലുക്കി. 77ആം മിനിറ്റിൽ ചൈനീസ് കീപ്പർ സ്ഥാനം തെറ്റി നിന്നപ്പോൾ കെല്ലി ഇംഗ്ലണ്ടിന്റെ അടുത്ത ഗോൾ നേടി. 84ആം മിനിറ്റിൽ ഒരു വോളിയിലൂടെ റേച്ചൽ ഡാലി പട്ടിക തികച്ചു. ഗോൾ നേട്ടത്തിന് പുറമെ മിക്ക ഗോളുകൾക്കും ചരട് വലിച്ച ലോറൻ ജെയിംസ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.
’95 ന് ശേഷം ആദ്യമായി നോക് ഔട്ട് റൗണ്ടിലേക്ക് കടക്കാൻ ലക്ഷ്യം വെച്ചിറങ്ങിയ ഡെന്മാർക്കിനും ഹെയ്തിക്കെതിരെ ജയം നേടാൻ ആയി. 21 ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ പെനില്ലേ ഹാഡർ ആണ് ടീമിന് ലീഡ് സമ്മാനിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെ എന്ന പോലെ തന്നെ ഹെയ്തിക്ക് ഇന്നും വല കുലുക്കാൻ ആയതും ഇല്ല. സബ്സ്റ്റിട്യൂട് ആയി എത്തിയ ട്രോയെൽസ്ഗാർഡ് ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റിൽ ഗോൾ കണ്ടെത്തി ഡെന്മാർക്കിന്റെ വിജയം ഉറപ്പിച്ചു. ചൈനയുടെ വമ്പൻ തോൽവി കൂടി ആയപ്പോൾ ഡെന്മാർക്ക് അടുത്ത ഘട്ടത്തിലേക്ക് കയറുകയും ചെയ്തു.