അണ്ടർ 20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ന് ഇറ്റലിയുടെ ഹൃദയം തകർന്നു. ഇന്ന് ഉക്രൈനെതിരെ 1-0 എന്ന സ്കോറിന് പിറകിൽ നിൽക്കുമ്പോൾ 93ആം മിനുട്ടിൽ ഒരു ആക്രൊബാറ്റിക്ക് വോളിയിലൂടെ ഇറ്റലി സമനില ഗോൾ നേടിയതായിരുന്നു. ഇറ്റാലിയൻ യുവ പ്രതിഭകൾ അവരുടെ ഗംഭീര പ്രകടനത്തിന് ഫലം കിട്ടി എന്ന് കരുതിയ നിമിഷം. സ്കോർ 1-1 എന്നായി എന്നും കളി എക്സ്ട്രാ ടൈമിലേക്ക് പോകുമെന്നും കരുതി. പക്ഷെ വാർ ഇറ്റലിക്ക് വില്ലനായി എത്തി.
വാർ റിവ്യൂ നോക്കിയ റഫറി അത് ഗോൾ അല്ല എന്ന് വിധിച്ചു. വളരെ സോഫ്റ്റായ ഒരു ഫൗളായിരുന്നു അത്. ഇറ്റലി അർഹിച്ച ഗോൾ വാർ തടഞ്ഞു എന്ന് തോന്നിയ വിധി. ആ ഗോൾ നിഷേധിച്ചതോടെ 1-0ന്റെ വിജയം സ്വന്തമാക്കി ഉക്രൈൻ അണ്ടർ 20 ലോകകപ്പിന്റെ ഫൈനലിലേക്ക് കടന്നു. കളിയുടെ രണ്ടാം പകുതിയിൽ ബുലെറ്റ്സ നേടിയ ഗോളിലായിരുന്നു ഉക്രൈൻ ഇന്ന് ലീഡ് എടുത്തത്.
ലീഡ് എടുത്തതിനു പിന്നാലെ ഉക്രൈൻ താരം പോപോവ് ചുവപ്പ് കണ്ട് പുറത്തു പോയിരുന്നു. അവസാന പതിനഞ്ചു മിനുട്ടോളം 10 പേരുമായി കളിച്ചാണ് ഉക്രൈൻ ഫൈനലിലേക്ക് എത്തിയത്. ഇറ്റലി കഴിഞ്ഞ അണ്ടർ 20 ലോകകപ്പിലും സെമിയിലായിരുന്നു പുറത്തായത്. ഇക്വഡോറും ദക്ഷിണ കൊറിയയുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക.