പ്രീക്വാർട്ടർ പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോൾ പോർച്ചുഗൽ എതിരില്ലാത്ത രണ്ടു ഗോളിന് സ്വിറ്റ്സർലാന്റിന് എതിരെ മുന്നിട്ട് നിൽക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയ പോർച്ചുഗൽ അദ്ദേഹത്തിന് പകരം ടീമിൽ എത്തിയ ഗോൺസാലോ റാമോസിന്റെ ഗോളിൽ ആണ് ലീഡ് എടുത്തത്.
ഇന്ന് റൊണാൾഡോ ഇല്ലാത്തതിന്റെ ക്ഷീണം ഒന്നും പോർച്ചുഗലിൽ ഉണ്ടായിരുന്നില്ല. പന്ത് കൈവശ വെച്ച് കൃത്യമായ അവസരങ്ങൾ സൃഷ്ടിച്ച് മികച്ച താളത്തിൽ കളിക്കുന്ന പോർച്ചുഗലിനെ ആണ് ഇന്ന് കാണാൻ ആയത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ആണ് സ്വിസ് നിരയെ ഞെട്ടിച്ച സ്ട്രൈക്കിലൂടെ റാമോസ് ഗോൾ നേടിയത്. ജാവോ ഫെലിക്സിൽ നിന്ന് പാസ് സ്വീകരിച്ച ഗോൺസാലോ റാമോസ് ആർക്കും വല കണ്ടെത്താൻ ആകില്ല എന്ന തോന്നിച്ച ആങ്കിളിൽ നിന്നാണ് ഇടം കാലൻ സ്ട്രൈക്കിലൂടെ ഗോൾ നേടിയത്.
ഇതിനു ശേഷവും പോർച്ചുഗലിൽ നിന്ന് നല്ല നീക്കങ്ങൾ വന്നു. 21ആം മിനുട്ടിൽ ഒറ്റാവിയോയുടെ ഷോട്ടും 22ആം മിനുട്ടിൽ റാമോസിന്റെ ഷോട്ടും യാൻ സോമർ തടഞ്ഞു.
30ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഷഖീരി ആദ്യമായി പോർച്ചുഗൽ ഗോളിയെ പരീക്ഷിച്ചു. വലിയ അപകടം ഇല്ലാതെ ആ അവസരം ഒഴിഞ്ഞു.
32ആം മിനുട്ടിൽ പെപെയിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്ന് ഒരു ഹൈ ലീപ് ഹെഡറിലൂടെ ആയിരുന്നു പെപെയുടെ ഗോൾ. സ്കോർ 2-0