ഇറാൻ ടീമിനോട് ബഹുമാനം, അവർ വലിയ പ്രചോദനം ആണെന്നും അമേരിക്കൻ താരം ടിം വിയ

Weahiran

ഇറാന് എതിരായ മത്സരവിജയത്തിന് ശേഷം ഇറാൻ ടീമിനെ പ്രശംസിച്ചു അമേരിക്കൻ യുവതാരം തിമോത്തി(ടിം) വിയ രംഗത്തു വന്നു. ഫുട്‌ബോളിന് അപ്പുറം ഈ ടീമിനോട് നല്ല ബഹുമാനം തനിക്ക് ഉണ്ടെന്നും അവരോട് തനിക്ക് ഒരുപാട് സ്നേഹം ആണ് ഉള്ളത് എന്നും വിയ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. കളത്തിൽ തങ്ങളുടെ നാടിനോടും നാട്ടുകാരോടും ഉള്ള സ്നേഹം ഇറാൻ ടീം പ്രകടനം കൊണ്ടു നൽകി എന്നും വിയ കുറിച്ചു. ഒരുപാട് ബഹുമാനം ഇറാൻ ടീമിനോട് ഉള്ള തനിക്ക് ആ മഹത്തായ ടീമിന് ഒപ്പം കളിക്കാൻ സാധിച്ചത് വലിയ അഭിമാനം ആണെന്നും കൂട്ടിച്ചേർത്തു.

വലിയ പ്രചോദനം ആണ് ഇറാൻ ടീം എന്നു കൂടി പറഞ്ഞാണ് ജോർജ് വിയയുടെ മകൻ കൂടിയായ താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. സ്ത്രീ സ്വാതന്ത്ര്യത്തിന് ആയി സ്വന്തം നാട്ടിൽ പൊരുതുന്ന ആളുകൾക്ക് ഒപ്പമാണ് എന്നു പരസ്യമായി പറഞ്ഞു അവരെ പിന്തുണച്ച ഇറാൻ ടീം ദേശീയഗാനം പാടാൻ വിസമ്മതിച്ചിരുന്നു. ഇറാൻ ഭരണകൂടം പല നിലക്കുള്ള ഭീഷണി മുന്നറിയിപ്പുകളും അവർക്ക് നൽകുകയും ചെയ്തിരുന്നു. ചില വിഭാഗം ഇറാൻ ആരാധകർ നാട്ടിൽ ഇറാന്റെ പരാജയം ആഘോഷിക്കുന്ന രംഗങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടിരുന്നു.