കോട്ട കാക്കുന്ന മൊറോക്കൻ കരുത്ത്; ചക്രവ്യൂഹം തകർക്കാൻ പറങ്കിപ്പട

Nihal Basheer

Picsart 22 12 10 00 40 19 767
Download the Fanport app now!
Appstore Badge
Google Play Badge 1

ക്വർട്ടർ ഫിക്‌സ്ച്ചർ തെളിഞ്ഞപ്പോൾ കറുത്ത കുതിരകൾ ആയി മാറിയ മൊറോക്കോ ആർത്തിരമ്പിയെത്തുന്ന പോർച്ചുഗലിനെ നേരിടുന്നു. എതിരാളിയുടെ ദൗർബല്യം സ്വന്തം ശക്തിയായിട്ടുള്ള ഇരു ടീമുകളും ഏറ്റു മുട്ടുമ്പോൾ ഖത്തറിൽ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന മൊറോക്കോക് വീണ്ടുമൊരിക്കൽ കൂടി ലോകത്തെ ഞെട്ടിക്കാൻ ആവുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഇതുവരെ എതിരാളികൾക്ക് തകർക്കാൻ കഴിയാത്ത പ്രതിരോധം തന്നെയാണ് മൊറോക്കോയുടെ കരുത്ത് എങ്കിൽ ഏത് കോട്ടയും തകർക്കാൻ കെൽപ്പുള്ള മധ്യനിരയും ആക്രമണവുമാണ് പോർച്ചുഗലിന്റെ കരുത്ത്.

Picsart 22 12 06 01 49 48 573

ഗ്രൂപ്പ് എഫ്ൽ ഒന്നാമതായി എത്തിയ മൊറോക്കോ, പ്രീ ക്വർട്ടറിൽ സ്പെയിനിനേയും വീഴ്ത്തി ടൂർണമെന്റിന്റെ ടീം ആയി കഴിഞ്ഞു. യൂറോപ്പിനും സൗത്ത് അമേരിക്കക്കും പുറത്ത് ലോകകപ്പിൽ ബാക്കി ഉള്ള ഒരേയൊരു ടീം. കാനഡക്കെതിരായ മത്സരത്തിൽ വീണ സെൽഫ്‌ ഗോൾ ഒഴികെ ടീമിന്റെ പ്രതിരോധം ഇതുവരെ ആരും ബേധിച്ചിട്ടില്ല. സായ്സ് നായിക്കുന്ന ഡിഫെൻസിൽ ആഗ്വെർദും അഷ്റഫ് ഹക്കീമിയും മസ്രോയിയും ചേരുമ്പോൾ എതിർ വല കുലുക്കാൻ പോർച്ചുഗൽ വിയർക്കും. പോസ്റ്റിന് കീഴിൽ യാസീൻ ബോനോയും മികച്ച ഫോമിൽ തന്നെ. സ്പെയിൻ മധ്യനിരയെ നിരായുധരാക്കുന്നതിൽ പ്രധാനി ആയിരുന്ന സോഫ്‌യാൻ ആമ്രബാത് തന്നെ ആവും പോർച്ചുഗലിനെതിരെയും ഈ ചുമതലയിൽ. മുന്നേറ്റത്തിൽ സിയാച്ചും എൻ – നെയ്സിരിയും എല്ലാം ഉണ്ടെങ്കിലും ടീമിന്റെ ഗോളടി മികവ് അത്ര കേമമല്ല എന്നതൊരു കുറവാണ്.

ഓരോ സ്ഥാനത്തും സൂപ്പർ തരങ്ങളുമായിട്ടാണ് പോർച്ചുഗലിന്റെ വരവ്. ഈ പ്രതീക്ഷക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാൻ അവർക്ക് സാധിച്ചിട്ടും ഉണ്ട്. ഗോളിന് മുന്നിൽ പഴയ പോലെ അപകടം സൃഷ്ടിക്കാൻ സാധിക്കാത്ത റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താൻ വരെ കോച്ച് സാന്റോസിന് ആത്മവിശ്വാസം നൽകുന്നതും പകരക്കാരുടെ മികവ് ആണ്. ലോകകപ്പിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഗോണ്സാലോ റാമോസ്, ബെൻഫിക്കയിലെ തന്റെ ഫോം പോർച്ചുഗീസ് ജേഴ്‌സിയിലും തുടർന്നു.

Picsart 22 12 08 20 45 43 523

ടീമിന്റെ ചടുല നീക്കങ്ങൾക്ക് ചരട് വലിക്കുന്ന ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയും കൂടിയെത്തുമ്പോൾ ആർക്കും മുന്നിലും കീഴടങ്ങാത്ത മൊറോക്കോ പ്രതിരോധത്തെ വീഴ്ത്താം എന്നു തന്നെയാവും പറങ്കികൾ സ്വപ്നം കാണുന്നത്. കൂടതെ ജാവോ ഫെലിക്‌സും ദാലോട്ടും ഒട്ടെവിയോയും കൂടി ആവുമ്പോൾ മൊറോക്കോ ടീമിന്റെ യഥാർഥ കരുത്ത് അളക്കുന്ന മത്സരമായി ഇതുമാറും. ഇവർക്കെല്ലാം പുറമെ പകരക്കാരനായി എത്താൻ റാഫേൽ ലിയോ കൂടി വരുമ്പോൾ ടീമിന്റെ മൂർച്ച വീണ്ടും വർധിക്കും.

ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 8.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരത്തിന് വിസിൽ മുഴങ്ങുക.

കോട്ട കാക്കുന്ന മൊറോക്കൻ കരുത്ത്; ചക്രവ്യൂഹം തകർക്കാൻ പറങ്കിപ്പട