മൊറോക്കോൻ അത്ഭുതം ഖത്തറിൽ തുടരുകയാണ്. ക്വാർട്ടർ ഫൈനൽ പോർച്ചുഗലിനെയും അട്ടിമറിച്ച് കൊണ്ട് അവർ സെമി ഫൈനലിലേക്ക് മുന്നേറി. ലോകകപ്പിൽ സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി ഇതോടെ മൊറോക്കോ മാറി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം
റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയ പോർച്ചുഗലിന് ഇന്ന് അത്ര നല്ല ആദ്യ പകുതി ആയില്ല. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ച് മൊറോക്കോ പ്രതിരോധം ഭേദിക്കാൻ അവർക്ക് ആയില്ല. ജാവോ ഫെലിക്സിന് ആയിരുന്നു പോർച്ചുഗലിന്റെ രണ്ട് നല്ല അവസരങ്ങൾ വന്നത്. എന്നാൽ ഫെലിക്സിന്റെ രണ്ട് ഷോട്ടും ഗോൾ കീപ്പറെ പരീക്ഷിച്ചില്ല.
മത്സരത്തിന്റെ 42ആം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്ന് വന്ന ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ച് എൻ നസീരി ആണ് മൊറോക്കോക്ക് ലീഡ് നൽകിയത്. ക്രോസ് പിടിക്കാൻ മുന്നോട്ട് വന്ന ഗോൾ കീപ്പർ കോസ്റ്റക്ക് പറ്റിയ പിഴവാണ് ഗോളിന് വഴിവെച്ചത്.
ഇതിനു പിന്നാലെ പോർച്ചുഗലിന്റെ ഒരു അറ്റാക്കിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി.
ഗോൾ കണ്ടെത്താൻ ആകാത്തതോടെ രണ്ടാം പകുതിയിൽ പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളത്തിൽ ഇറക്കി. കാനസെലോയും റാഫേൽ ലിയോയും എല്ലാം കളത്തിൽ എത്തി. പോർച്ചുഗൽ തുടരെ ആക്രമിച്ചു എങ്കിലും മൊറോക്കൻ കീപ്പർ ബോണോയെ കാര്യമായി പരീക്ഷിക്കാൻ ആയില്ല.
82ആം മിനുട്ടിൽ ആണ് ബോണോ ആദ്യമായി രക്ഷകനായത്. റൊണാൾഡോയുംടെ പാസിൽ നിന്നുള്ള ജാവോ ഫെലിക്സിന്റെ ഒരു ഷോട്ട് ഗോൾ എന്ന് ഉറച്ചതായിരുന്നു. പക്ഷെ അത് ബോണോ തടഞ്ഞു.
91ആം മിനുട്ടിൽ റൊണാൾഡോയുടെ ഷോട്ടും ബോണോ തടഞ്ഞു. ഇതിനു പിന്നാലെ ചെദിര രണ്ടാം മഞ്ഞ കണ്ട് കളത്തിന് പുറത്ത് പോയത് മൊറോക്കോക്ക് തിരിച്ചടിയായി.
എട്ട് മിനുറ്റിന്റെ ഇഞ്ച്വറി ടൈം ആണ് റൊണാൾഡോക്കും പോർച്ചുഗലിനും കിട്ടിയത്. അവർ എത്ര ശ്രമിച്ചും പത്ത് പേരു മാത്രമുള്ള മൊറോക്കൻ ഡിഫൻസിനിടയിലൂടെ ഒരു വഴി കണ്ടെത്താൻ ആയില്ല. 97ആം മിനുട്ടിൽ പെപെ ഒരു ഹെഡർ കൂടെ മിസ്സ് ആക്കിയതോടെ പോർച്ചുഗൽ പരാജയം ഉറപ്പായി.
ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും മൊറോക്കോ നേരിടുക.