1950ൽ ബ്രസീലിലെ മറക്കാനയിലെ പുതിയ സ്റ്റേഡിയത്തിൽ രണ്ട് ലക്ഷം പേരെ സാക്ഷി നിറുത്തി വേൾഡ് കപ്പ് മത്സരം നടക്കുമ്പോൾ മൊറോക്കോ ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല. പിന്നെയും ആറോ ഏഴോ വർഷങ്ങൾക്ക് ശേഷമാണു ഫ്രഞ്ച് സർക്കാർ അവിടുന്ന് പിൻവാങ്ങിയത്. അപ്പോഴും ചെറിയൊരു ഭാഗം കയ്യടക്കി വച്ചിരുന്ന സ്‌പെയിൻ അവിടെ തുടർന്നു. പിന്നെയും പതിറ്റാണ്ടുകൾക്ക് ശേഷമാണു അവരും സ്ഥലം വിട്ടത്. ഇന്നിപ്പോൾ ഖത്തറിൽ ഫിഫ വേൾഡ് കപ്പിന്റെ സെമിയിൽ അവരുടെ ടീം എത്തി നിൽക്കുമ്പോൾ, അത് ആ രാജ്യത്തിൻറെ മാത്രം ആഘോഷമായല്ല കൊണ്ടാടടപ്പെടുന്നത്.
2022 ഫിഫ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളിലേക്കുള്ള തീരുമാനമായപ്പോൾ എഫ് ഗ്രൂപ്പിൽ ഉൾപ്പെട്ട മൊറോക്കോക്ക് പ്രീക്വാർട്ടർ സാധ്യത പോലും ആരും കല്പിച്ചിരുന്നില്ല. അട്ടിമറികളുടെ ലോക കപ്പ് എന്നു ഇതിനകം പേര് കേട്ട ഖത്തർ വേൾഡ് കപ്പിൽ, പരമ്പരാഗത പവർ ഹൗസ് ടീമുകളെ തന്നെയാണ് വിദഗ്ദരും, സീസണൽ ആരാധകരും സെമിയിലേക്ക് മനസ്സാ പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ ഇന്നിപ്പോൾ ആഫ്രിക്കയുടെ, അറബ് ലോകത്തിന്റെ അഭിമാനമായി സെമിയിൽ എത്തിയിരിക്കുകയാണ് ഈ രാജ്യം.
ഈ യാത്ര മൊറോക്കോയെ സംബന്ധിച്ചു അത്ര എളുപ്പമുള്ളതായിരുന്നില്ല. ഒരു രാഷ്ട്രീയ സാംസ്‌കാരിക പ്രക്ഷോഭങ്ങൾ തുടർക്കഥയായ ഒരു പുതിയ രാജ്യം എന്ന നിലക്ക് കളിക്കളത്തിൽ അവർ അടുത്ത കാലം വരെ ഒരു ശക്തിയായി അറിയപ്പെട്ടിരുന്നില്ല. എങ്കിലും ആ ജനതയുടെ ഉള്ളിൽ ഈ കളിയോടുള്ള സ്നേഹം എക്കാലത്തും ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. അവിടത്തെ ഫുട്ബോൾ ക്ലബുകൾ ആഫ്രിക്കൻ ടൂർണമെന്റുകളിൽ പലതവണ ചാമ്പ്യന്മാരായിട്ടുണ്ട്. അവരുടെ ദേശീയ ടീം പക്ഷെ ആഫ്രിക്കൻ മത്സരങ്ങളിൽ വരവറിയിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. 2018 , 2020 ആഫ്രിക്കൻ ചാമ്പ്യന്മാരായിരിന്നു മൊറോക്കോ. ഫുട്ബോൾ മത്സരങ്ങൾ ഉള്ള ദിവസങ്ങളിൽ, ക്ലബ്ബ് ആയിക്കൊള്ളട്ടെ, യുറോപിയൻ മത്സരങ്ങൾ ആയിക്കൊള്ളട്ടെ, റബത്തിലെയും, കാസാബ്ലാങ്കയിലെയും, മറക്കീഷിലെയും തെരുവുകൾ ഒഴിഞ്ഞു കിടക്കുമായിരിന്നു. ആ വൈകുന്നേരങ്ങളിൽ അവിടുത്തെ ഷീഷ ബാറുകളിൽ ജനങ്ങൾ തിങ്ങി നിറയുമായിരിന്നു. 1970ൽ അവർ വേൾഡ് കപ്പിലേക്കു നേരിട്ട് കടക്കുന്ന ആദ്യ ആഫിക്കൻ ടീമായി, 1986ൽ പോർച്ചുഗൽ, ഇംഗ്ലണ്ട്, പോളണ്ട് എന്നിവരടങ്ങിയ ഗ്രൂപ്പിൽ ഒന്നാമതായി.
ആഫ്രിക്കയിൽ നിന്നും ആറ് തവണ ഫിഫ വേൾഡ് കപ്പ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഈ അറ്റ്ലസ് സിംഹങ്ങൾ, പക്ഷെ ആദ്യമായിട്ടാണ് രണ്ടാം റൗണ്ടിന് അപ്പുറം കടക്കുന്നത്. ക്രൊയേഷ്യയുമായുള്ള സമനില ഒരു അട്ടിമറിയായി ലോകം കണക്കാക്കിയപ്പോൾ, യൂറോപ്യൻ ഫുട്ബാളിൽ തിളങ്ങി നിൽക്കുന്ന കളിക്കാരെ കൊണ്ട് നിറഞ്ഞ മൊറോക്കൻ ടീമിന്റെ മറുപടി, കളി ഇനിയും ബാക്കിയുണ്ട് സദീക്ക് എന്നായിരുന്നു. സെമിയിൽ എത്തുന്ന വരെയുള്ള എല്ലാ കളിയും അവർ ജയിച്ചു എന്ന് മാത്രമല്ല, ഒരു ഗോൾ മാത്രമേ ഈ ജൈത്രയാത്രയിൽ അവരുടെ സൂപ്പർമാൻ ഗോൾ കീപ്പർ യാസിൻ ബോണോ വഴങ്ങിയുള്ളൂ!
മൊറോക്കോ 0 ക്രോയേഷ്യ 0
മൊറോക്കോ 2 ബെൽജിയം 0
മൊറോക്കോ 2 കാനഡ 1
മൊറോക്കോ 0 സ്‌പെയിൻ 0 (3- 0 പെനാൽറ്റി)
മൊറോക്കോ 1 പോർച്ചുഗൽ 0
ഡിസംബർ 14ന് (ഇന്ത്യൻ സമയമനുസരിച്ചു ഡിസംബർ 15) ഖത്തറിന്റെ വടക്കേ അറ്റത്തുള്ള അൽ ഖോറിലെ അൽ ബൈയ്ത് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ, തങ്ങളുടെ മുൻ കൊളോണിയൽ യജമാനന്മാരായ ഫ്രാൻസിനെ നേരിടുമ്പോൾ, ഈ റെക്കോർഡ് തുടരാൻ തന്നയെയാകും അവരുടെ ശ്രമം. അറേബ്യൻ കൂടാരത്തിന്റെ മാതൃകയിലുള്ള ഈ സ്റ്റേഡിയത്തിലാണ് ആദ്യമായി അറബ് രാജ്യത്ത് വച്ചു ഒരു വേൾഡ് കപ്പ് ഫൈനൽ മത്സരം നടന്നത് എന്നത് പോലെ, വീട് എന്ന് നാമകരണം ചെയ്ത ഇതേ സ്റ്റേഡിയത്തിൽ വച്ചു തന്നെ ആദ്യമായി ഒരു ആഫ്രിക്കൻ-അറബ് ടീം വേൾഡ് കപ്പ് ഫൈനൽ മത്സരം കളിക്കാൻ അർഹത നേടും എന്നാണ് ആ ദേശങ്ങളിൽ ഉള്ളവർ വിശ്വസിക്കുന്നത്.
ഈ വേൾഡ് കപ്പിലെ തന്നെ ഏറ്റവും ശക്തരായ ഫ്രാൻസിനെയാണ് സെമിയിൽ അവർ നേരിടുന്നത് എന്ന യാഥാർഥ്യം നിലനിൽക്കെ തന്നെ, ഇന്ത്യൻ സിനിമയെ സ്നേഹിക്കുന്ന മൊറോക്കോ ജനതയുടെ അഭിപ്രായം ഖത്തറിലുള്ള സുഹൃത്തിന്റെ വാക്കുകളിലൂടെ ഞാൻ കേട്ടു, ഹം കിസി സെ കം നഹി! അതെ, ഈ കൊല്ലത്തെ ഫൈനൽ തങ്ങൾ കളിക്കും എന്ന് തന്നെയാണ് അവരുടെ തീരുമാനം. ഫ്രാൻസ് ടീമിൽ കളിക്കുന്ന പലരോടുമൊപ്പം ക്ലബ്ബ് ഫുട്ബോൾ കളിക്കുന്ന മൊറോക്കോ കളിക്കാർ തങ്ങളുടെ ഗെയിം പ്ലാൻ ഉറപ്പിച്ചു കഴിഞ്ഞു, ഫൈനൽ മാത്രമാണ് അവരുടെ ലക്ഷ്യം.
ഈ ലോക കപ്പിലെ സ്റ്റാർ കോച്ച് എന്ന് ഇതിനകം പേരെടുത്ത് കഴിഞ്ഞ മോറോക്കൻ കോച്ച് വലീദ് റെഗ്രഗുയി തൻ്റെ ടീമിനെ വിശേഷിപ്പിക്കുന്നത് ഈ വേൾഡ് കപ്പിലെ റോക്കി ബൽബോവ എന്നാണ്. മറ്റ് ടീമുകളുടെയത്ര കഴിവും, പരിചയവും ഇല്ലാതിരിന്നിട്ടു കൂടി, പ്രതിബദ്ധതയും, ഉത്സാഹവും, അർപ്പണബോധവും മാത്രമാണ് തങ്ങളെ നയിക്കുന്നത് എന്നാണ് കോച്ച് പറഞ്ഞത്. ആദ്യ അറബ് വേൾഡ് കപ്പിലൂടെ, ആദ്യ ആഫ്രിക്കൻ അറബ് ചാമ്പ്യൻ ആകാനുള്ള മോറോക്കാൻ ടീമിന്റെ ആഗ്രഹങ്ങൾക്ക് മൊറോക്കൻ ജനതയുടെ മാത്രം പ്രാർത്ഥനകൾ മാത്രമല്ല ഉള്ളത്, ഒട്ടനവധി രാജ്യങ്ങൾ അവർക്ക് പിന്നിലുണ്ട്. അവർ പറയുന്നുണ്ട്, ദിസ് ടൈം ഫോർ ആഫ്രിക്ക, ഡിസ ടൈം ഫോർ അറേബ്യ!