പെനാൽട്ടി പാഴാക്കിയതിൽ ദേഷ്യം വന്നു എന്നാൽ ടീം നന്നായി പ്രതികരിച്ചു, മെക്സിക്കോയെ അപമാനിച്ചിട്ടില്ല – മെസ്സി

Wasim Akram

പോളണ്ടിനു എതിരെ പെനാൽട്ടി പാഴാക്കിയതിൽ നല്ല ദേഷ്യം വന്നു എന്നും ടീം അതിനു ശേഷം ഒന്നായി പൊരുതി എന്നും അതിന്റെ ഫലം ആണ് ലഭിച്ചത് എന്നും ലയണൽ മെസ്സി. തന്റെ പിഴവിന് പിന്നാലെ ടീം നന്നായി ആണ് പ്രതികരിച്ചത് എന്നു പറഞ്ഞ മെസ്സി ആദ്യ ഗോൾ പിറന്നാൽ കളി മാറും എന്നു തങ്ങൾക്ക് അറിയാമായിരുന്നു എന്നും പറഞ്ഞു. ഓസ്‌ട്രേലിയക്ക് എതിരായ മത്സരം കടുപ്പമുള്ളത് ആവും എന്നു പറഞ്ഞ മെസ്സി ആർക്ക് ആരെയും ലോകകപ്പിൽ തോൽപ്പിക്കാൻ ആവും എന്നും കൂട്ടിച്ചേർത്തു.

അതേസമയം ലെവൻഡോവ്സ്കിയും ആയി മത്സരശേഷം സംസാരിച്ച കാര്യം കളത്തിൽ തന്നെ നിൽക്കും എന്നും താൻ അത് പറയേണ്ട കാര്യം ഇല്ലെന്നും വ്യക്തമാക്കി. അതേസമയം കഴിഞ്ഞ മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ ആഘോഷത്തിന് ഇടയിൽ താൻ മെക്സിക്കോ ജെഴ്‌സി ചവിട്ടി അവരെ അവഹേളിച്ചു എന്ന കാര്യം മെസ്സി നിഷേധിച്ചു. അതൊരു തെറ്റിദ്ധാരണ ആണെന്ന് പറഞ്ഞ മെസ്സി തന്നെ അറിയാവുന്നവർക്ക് താൻ ആരെയും അപമാനിക്കില്ല എന്നറിയാമെന്നും മെക്സിക്കോയെയോ ടീമിനെയോ ആരെയോ താൻ അവഹേളിക്കാത്തത് കൊണ്ടു അതിൽ താൻ മാപ്പ് പറയേണ്ടത് ഇല്ല എന്നും കൂട്ടിച്ചേർത്തു.