അർജന്റീന ഈ ലോകകപ്പിലെ ആദ്യ മത്സരത്തിന് സൗദിക്ക് എതിരെ ഇറങ്ങിയപ്പോൾ സെന്റർ ബാക്ക് പൊസിഷനിൽ ലിസാൻഡ്രോ മാർട്ടിനസ് ഇല്ല എന്നത് പലരെയും വേദനിപ്പിച്ചിരുന്നു. റൊമേരോയും ഒറ്റനെൻഡിയും ആയിരുന്നു സ്കലോനിയുടെ വിശ്വസ്ത കൂട്ടുകെട്ട് എന്നത് കൊണ്ട് ലിസാൻഡ്രോ ബെഞ്ചിൽ ഇരിക്കേണ്ടി വരും എന്ന് ഒരു ധാരണ പലർക്കും ഉണ്ടായിരുന്നു. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അത്ഭുത പ്രകടനങ്ങൾ കാണിച്ചു കൊണ്ടിരുന്ന ലിസാൻഡ്രോയെ എത്ര കാലം ബെഞ്ചിൽ ഇരുത്താൻ സ്കലോണിക്ക് കഴിയും?
ആദ്യ മത്സരത്തിൽ സൗദിക്ക് എതിരെ രണ്ട് ഗോളുകൾ വഴങ്ങിയപ്പോൾ തന്നെ സ്കലോനി മാറ്റങ്ങൾക്ക് തയ്യാറായി. സബ്ബായി ലിസാൻഡ്രോയെ കൊണ്ടു വന്നു. അന്ന് പരാജയപ്പെട്ടു എങ്കിലും ലിസാൻഡ്രോ മാർട്ടിനസ് എന്ന ലിച്ച ഇറങ്ങിയതിനു ശേഷം സൗദി അറ്റാക്കിന് അർജന്റീനയുടെ ഡിഫൻസിനെ ഒന്ന് തൊടാൻ പോലും ആയിരുന്നില്ല.
ഇന്ന് മെക്സിക്കോയ്ക്ക് എതിരെ ലിസാൻഡ്രോ മാർട്ടിനസ് ഒടമെൻഡിക്ക് ഒപ്പം സ്റ്റാർട്ട് ചെയ്തു. ഒറ്റമെൻഡിയുടെ പരിചരസമ്പത്തും ലിസാൻഡ്രോയുടെ ഊർജ്ജവും ചേർന്നപ്പോൾ അർജന്റീനയുടെ പിറകിൽ എല്ലാം സുരക്ഷിതം.
കൃത്യമായ ടാക്കിളുകളും ഒരു ബോളിനെയും ഭയമില്ലാതെ നേരിടുന്നതും ആണ് ലിചയുടെ പ്രത്യേകത. ഇന്ന് ഉടനീളം അത് കാണാൻ ആയി. ചെയ്ത 100% ടാക്കിളുകളും വിജയകരമാക്കാൻ ഇന്ന് ലിസാൻഡ്രോക്ക് ആയി.
മാഞ്ചസ്റ്ററിൽ ചെന്ന് അവരുടെ ക്യാപ്റ്റൻ ബെഞ്ചിൽ ആക്കിയ ലിസാൻഡ്രോ ഇവിടെ റൊമേരോയെയും ബെഞ്ചിൽ ആക്കി കഴിഞ്ഞു. ഇനി അർജന്റീന ഡിഫൻസിൽ ലിസാൻഡ്രൊയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കില്ല.