ജർമ്മൻ ഫുട്ബോളിന് പഴയ താളം കണ്ടെത്താൻ ആകുന്നില്ല സത്യം ഒരിക്കൽ കൂടെ വ്യക്തമായിരിക്കുകയാണ്. ഇന്നലെ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു അപ്രതീക്ഷിത പരാജയം തന്നെ ജർമ്മനി ഏറ്റുവാങ്ങി. ജർമ്മനിയിൽ വെച്ച് നടന്ന മത്സരത്തിൽ നോർത്ത് മാസിഡോണിയ ആണ് ജർമ്മനിയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാസിഡോണിയയുടെ വിജയം.
ഇരുപതു വർഷത്തിനു ശേഷമാണ് ജർമ്മനി ഒരു ലോകകപ്പ് യോഗ്യത മത്സരത്തിൽ പരാജയപ്പെടുന്നത്. 2001ൽ ഇംഗ്ലണ്ടിനോടായിരുന്നു അവസാനമായി ജർമ്മനി ഒരു ലോകകപ്പ് യോഗ്യത മത്സരത്തിൽ പരാജയപ്പെട്ടത്. 45ആം മിനുട്ടിൽ വെറ്ററൻ താരം പാണ്ടെവ് ആണ് മാസിഡോണിയക്ക് ഇന്നലെ ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ഗുന്ദോഗനിലൂടെ സമനില കണ്ടെത്താൻ ജർമ്മനിക്കായി. പെനാൾട്ടിയിൽ നിന്നായിരുന്നു ഗുന്ദോഗന്റെ ഗോൾ. 85ആം മിനുട്ടിൽ ആയിരിന്നു മാസിഡോണിയയുടെ വിജയ ഗോൾ വന്നത്. എൽമാസ് ആണ് വിജയ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ജെയിൽ മൂന്നാം സ്ഥാനത്താണ് ജർമ്മനി ഉള്ളത്.