വനിതാ ഫുട്ബോൾ ലോകകപ്പിൽ വൻ വിജയത്തോടെ ജർമ്മനി. ഇന്ന് മൊറോക്കോയെ നേരിട്ട ജർമ്മനി എതിരില്ലാത്ത ആറ് ഗോൾകളുടെ വിജയമാണ് സ്വന്തമാക്കിയത്. അലക്സാന്ദ്ര പോപ്പ് ഇരട്ട ഗോളുകൾ നേടി തുടക്കത്തിൽ തന്നെ മൊറോക്കൊ പ്രതിരോധത്തെ തകർത്തു. മൊറോക്കോയുടെ വനിതാ ലോകകപ്പ് ചരിത്രത്തിലെ ആദ്യ മത്സരമായിരുന്നു ഇത്. ഈ ലോകകപ്പിൽ ഇതുവരെയുള്ള ഏറ്റവും വലിയ മാർജിൻ വിജയമാണ് ജർമ്മനി ഇന്ന് നേടിയത്.
13ആം മിനുട്ടിലും 39ആം മിനുട്ടിലുമായിരുന്നു പോപിന്റെ ഗോളുകൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലാര ബുഹൽ ലീഡ് മൂന്ന് ആക്കി ഉയർത്തി. 54ആം മിനുട്ടിൽ ജർമ്മനിക്ക് അനുകൂലമായി ഒരു സെൽഫ് ഗോളും വന്നു. സ്കോർ 4-0. 79ആം മിനുട്ടിൽ വീണ്ടും ഒരു സെൽഫ് ഗോൾ. സ്കോർ 5-0.
മത്സരത്തിന്റെ 90ആം മിനുട്ടിൽ ലിയ ഷുളറും ഗോൾ നേടി. ജർമ്മനിക്കായി ഷുളറിന്റെ 37ആം ഗോളായിരുന്നു ഇത്. ഗ്രൂപ്പ് എച്ചിൽ കൊറിയയും കൊളംബിയയും ആണ് ഇനി ജർമ്മനിയുടെ എതിരാളികൾ.