ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ ഇക്വഡോറിനെ നേരിടുന്ന ഓറഞ്ച് പട ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യുവതാരം കോഡി ഗാക്പോ നേടിയ ഗോളാണ് നെതർലന്റ്സിനെ മുന്നിൽ എത്തിച്ചത്. ഗാക്പോ ഈ ലോകകപ്പിൽ നേടുന്ന രണ്ടാം ഗോളായി ഇത്.
മത്സരത്തിന്റെ ആറാം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. ക്ലാസന്റെ കാലിൽ നിന്ന് പന്ത് എടുത്ത് ഗാക്പോ തൊടുത്ത ഷോട്ട് ഇക്വഡോർ ഗോൾ കീപ്പറെ തന്നെ ഞെട്ടിച്ചു. ഗാക്പോയുടെ ഇടം കാലൻ ഷോട്ട് തടയാൻ ഗലിന്ദസിന് ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല.
ഈ ഗോൾ വഴങ്ങിയതിനു ശേഷം നല്ല ഫുട്ബോൾ കണ്ടത് ഇക്വഡോറിൽ നിന്നായിരുന്നു. എന്നർ വലൻസിയയും പ്രസിയാഡോയും എല്ലാം നിരന്തരം നെതർലന്റ്സ് ഡിഫൻസിനെ പരീക്ഷിച്ചു. 32ആം മിനുട്ടിലെ എന്നർ വലൻസിയയുടെ ഷോട്ട് നൊപ്പേർട് സേവ് ചെയ്തത് ആയിരുന്നു ഇക്വഡോറിന്റെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച ചാൻസ്.
ആദ്യ പകുതിയുടെ അവസാന നിമിഷം ഇക്വഡോർ എസ്റ്റുപിനനിലൂടെ സമനില ഗോൾ നേടി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ആ ഗോൾ നിഷേധിച്ചു. ഇതോടെ ആദ്യ പകുതി അവസാനിച്ചു.