ഈ ഇക്വഡോർ പൊളിയാണ്, ഓറഞ്ച് പട പേടിച്ചു പോയി!!

Picsart 22 11 25 23 11 37 162

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എയിൽ നടന്ന നിർണായക മത്സരത്തിൽ ഇക്വഡോറും നെതർലാൻഡ്സും സമനിലയിൽ പിരിഞ്ഞു. ഇക്വഡോറിന്റെ മനോഹര ഫുട്ബോൾ കണ്ട മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്‌. എന്നർ വലൻസിയയുടെ ഈ ലോകകപ്പിലെ മൂന്നാം ഗോളാണ് ഇക്വഡോറിന് സമനില നൽകിയത്

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യുവതാരം കോഡി ഗാക്പോ നേടിയ ഗോളാണ് നെതർലന്റ്സിനെ മുന്നിൽ എത്തിച്ചത്. ഗാക്പോ ഈ ലോകകപ്പിൽ നേടുന്ന രണ്ടാം ഗോളായി ഇത്.

ഓറഞ്ച് 22 11 25 22 13 24 854

മത്സരത്തിന്റെ ആറാം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. ക്ലാസന്റെ കാലിൽ നിന്ന് പന്ത് എടുത്ത് ഗാക്പോ തൊടുത്ത ഷോട്ട് ഇക്വഡോർ ഗോൾ കീപ്പറെ തന്നെ ഞെട്ടിച്ചു. ഗാക്പോയുടെ ഇടം കാലൻ ഷോട്ട് തടയാൻ ഗലിന്ദസിന് ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല.

ഈ ഗോൾ വഴങ്ങിയതിനു ശേഷം നല്ല ഫുട്ബോൾ കണ്ടത് ഇക്വഡോറിൽ നിന്നായിരുന്നു. എന്നർ വലൻസിയയും പ്രസിയാഡോയും എല്ലാം നിരന്തരം നെതർലന്റ്സ് ഡിഫൻസിനെ പരീക്ഷിച്ചു. 32ആം മിനുട്ടിലെ എന്നർ വലൻസിയയുടെ ഷോട്ട് നൊപ്പേർട് സേവ് ചെയ്തത് ആയിരുന്നു ഇക്വഡോറിന്റെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച ചാൻസ്.

ആദ്യ പകുതിയുടെ അവസാന നിമിഷം ഇക്വഡോർ എസ്റ്റുപിനനിലൂടെ സമനില ഗോൾ നേടി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ആ ഗോൾ നിഷേധിച്ചു. ഇതോടെ ആദ്യ പകുതി അവസാനിച്ചു.

ഇക്വഡോർ 231052

ഈ ഗോൾ ലഭിക്കാത്തതിന്റെ സങ്കടം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇക്വഡോർ തീർത്തു. 49ആം മിനുട്ടിൽ എസ്റ്റുപിനന്റെ ഇടം കാലൻ സ്ട്രൈക്ക് നൊപേർട് തടഞ്ഞു എങ്കിലും ഓടിയെത്തിയ എന്നർ വലൻസിയ പന്ത് വലയിലേക്ക് എത്തിച്ചു. സ്കോർ 1-1. എന്നർ വലൻസിയയുടെ ഈ ലോകകപ്പിലെ മൂന്നാം ഗോൾ.

ഇതിനു ശേഷവും ഇക്വഡോർ തന്നെ ആണ് നല്ല ഫുട്ബോൾ കളിച്ചത്. ഇക്വഡോറിനെ തടയാൻ നെതർലന്റ്സ് പാടുപെട്ടു. ഒരു പോയിന്റ് നേടാൻ ആയത് നെതർലൻസിന് ആശ്വാസം നൽകും. മത്സരത്തിന്റെ അവസാന നിമിഷം എന്നർ വലൻസിയ പരിക്കേറ്റ് പുറത്ത് പോയത് ഇക്വഡോറിന് വലിയ തിരിച്ചടിയായി.

ഈ മത്സരഫലത്തോടെ ഗ്രൂപ്പിലെ മറ്റൊരു ടീമായ ഖത്തർ ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായി.

2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഹോളണ്ടിനും ഇക്വഡോറിനും നാലു പോയിന്റ് വീതമാണ് ഉള്ളത്. ഇക്വഡോർ അവസാന മത്സരത്തിൽ സെനഗലിനെയും നെതർലന്റ്സ് ഖത്തറിനെയും നേരിടും.