എമ്പപ്പെ മാജിക്ക് മുതൽ ഡിഫൻസ് മികവ് വരെ, ഫ്രാൻസിന്റെ ഫൈനലിലേക്കുള്ള വഴി

- Advertisement -

മെല്ലെ തുടങ്ങി മെല്ലെ തുടങ്ങി വമ്പന്മാരെ ഒരോന്നിനെയായി മികച്ച പോരിലൂടെ കീഴടക്കിയാണ് ഫ്രാൻസ് ഫൈനൽ വരെ എത്തിയത്. ഫ്രാൻസിന്റെ ഫൈനൽ വരെ ഉള്ള വഴി ചുരുക്കത്തിൽ.

ഗ്രൂപ്പ് ഘട്ടം;

ഓസ്ട്രേലിയ, ഡെന്മാർക്ക്, പെറു എന്നിവരടങ്ങുന്ന ഗ്രൂപ്പിലായിരുന്നു ഫ്രാൻസ്. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നായാണ് ഫ്രാൻസ് റഷ്യയിൽ എത്തിയത് എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള കളി മാത്രമെ ഫ്രാൻസ് കളിച്ചുള്ളൂ എന്ന് പറയാം. ഓസ്ട്രേലിയയുമായുള്ള ആദ്യ മത്സരത്തിൽ ഒരു വിവാദ പെനാൾട്ടിയും ഒരു സെൽഫ് ഗോളുമാണ് ഫ്രാൻസിന് 2-1ന്റെ വിജയം നൽകിയത്. രണ്ടാം മത്സരത്തിൽ പെറുവിനെതിരെ 1-0ന്റെ വിജയം. അന്ന് പന്ത് കയ്യിൽ വെച്ചതും ആക്രമിച്ച് കളിച്ചതുമൊക്കെ പെറു ആയിരുന്നു. പക്ഷെ എമ്പാപ്പയുടെ ആദ്യ ലോകകപ്പ് ഗോൾ ഫ്രാൻസിനെ രക്ഷിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഡെന്മാർക്കും ഫ്രാൻസും ഗോൾരഹിത സമനിലയ്ക്കായി കളിച്ച് ഈ ടൂർണമെന്റിലെ ഏറ്റവും വിരസമായ മത്സരമാക്കി അതിനെ മാറ്റുകയും ചെയ്തു. ആ 0-0 സമനില ഫ്രാൻസിനെ 7 പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരുമാക്കി.

പ്രീക്വാർട്ടറിൽ എമ്പാപ്പെ മാജിക്ക്;

പ്രീക്വാർട്ടറിൽ മെസ്സിയുടെ അർജന്റീന ആയിരുന്നു ഫ്രാൻസിന്റെ എതിരാളികൾ. ഈ ലോകകപ്പിലെ മികച്ച മത്സരങ്ങളിൽ ഒന്നായി മാറിയ ആ മത്സരത്തിൽ ഏഴു ഗോളുകളാണ് പിറന്നത്. 4-3 എന്ന സ്കോറിന് ഫ്രാൻസ് വിജയിച്ചു. മെസ്സി 90 മിനുട്ടും കളത്തിൽ ഉണ്ടായിട്ടും അന്ന് താരമായത് 19കാരനായ എമ്പപ്പെ ആയിരുന്നു. രണ്ട് ഗോളുകളും ഒപ്പം ആദ്യ ഗോളിന് കാരണമായ പെനാൾട്ടി നേടുകൊടുത്തതും എമ്പാപ്പെ ആയിരുന്നു. ടൂർണമെന്റിലെ മികച്ച ഗോളുകളിൽ ഒന്നായ പവാർടിന്റെ ലോങ്റേഞ്ചറും ഈ മത്സരത്തിൽ പിറന്നു.

ക്വാർട്ടറിൽ ഉറുഗ്വേ ഡിഫൻസ്;

ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫൻസുമായി വന്ന ഉറുഗ്വേയെ ആണ് ഫ്രാൻസ് ക്വാർട്ടറിൽ വീഴ്ത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസ് ജയിച്ചത്. കവാനിയുടെ പരിക്കാണ് ഉറുഗ്വേയെ ഫ്രാൻസിനെതിരെ പിറകോട്ട് വലിച്ചത്. വരാനെയുടെ ഒരു ഹെഡറും, ഉറുഗ്വേ കീപ്പർ മുസലെരെയുടെ അബദ്ധം കാരണം വലയിലായ ഗ്രീസ്മന്റെ ഷോട്ടുമായിരുന്നു കളിയുടെ വിധി എഴുതിയത്

സെമിയിൽ ഉംറ്റിറ്റി;

സെമിയിൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ആക്രമണ നിരയെ പിടിച്ചുകെട്ടിയാണ് ദെസ്ചാമ്പിന്റെ വിജയം കൊയ്തത്. സെന്റർ ബാക്ക് ഉംറ്റിറ്റിയുടെ ഒരൊറ്റ ഹെഡർ കളിയുടെ ഫലം നിർണയിച്ചു. ഡിഫൻസിൽ ഊന്നിയ ഫ്രാൻസ് ടാക്ടിക്സ് മറികടക്കാൻ ബെൽജിയത്തിൻ മുഴുവൻ അറ്റാക്കിംഗ് ലൈനപ്പ് ഒരുമിച്ച് വന്നിട്ടും ആയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement