ഇംഗ്ലണ്ടിന് ഇത്തവണ ലോകകിരീടം നേടാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് മുൻ ഇംഗ്ലണ്ട് ഇതിഹാസ താരമായ അലൻ ഷിയറർ. എന്നാൽ ഇംഗ്ലണ്ട് പരിപൂർണ്ണമായ ടീമല്ല എന്നും മുൻ ഗോൾവേട്ടക്കാരൻ അഭിപ്രായപ്പെട്ടു. പ്രീ ക്വാർട്ടർ മത്സരത്തിൽ കൊളംബിയയെ ഷൂട്ടൗട്ട് വഴി തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ എത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടുന്നത്.
1990, 1998 , 2006 എന്നീ ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ പുറത്തേക്ക് നയിച്ചത് പെനാൽറ്റി കിക്ക് എടുക്കുന്നതിലുള്ള കഴിവ് കേടിനാലായിരുന്നു. എന്നാൽ ഇത്തവണ ആദ്യമായി ആ കടമ്പ പിന്നിട്ട ത്രീ ലയൺസ് ക്വാർട്ടറിൽ പ്രവേശിച്ചു കഴിഞ്ഞു. ക്വാർട്ടറിൽ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
എന്നും നിർഭാഗ്യങ്ങൾ പിന്തുടർന്നിരുന്ന ഇംഗ്ലണ്ടിന് ഇത്തവണ ഭാഗ്യങ്ങളുടെ പെരുമഴക്കാലമാണ്. ഫൈനൽ വരെ എത്താൻ കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും ഇംഗ്ലണ്ടിനില്ല . ക്വാർട്ടറിൽ സ്വീഡനെ തോൽപ്പിച്ചാൽ സെമിയിൽ റഷ്യയോ ക്രൊയേഷ്യയോയാണ് എതിരാളികളായി വരിക.
ശക്തരായ ടീമുകളിൽ ഫ്രാൻസും ബ്രസീലും മാത്രമാണ് ഇനി എട്ട് ടീമുകളിൽ അവശേഷിക്കുന്നത്. അവരിൽ ഒരാളെ മാത്രമേ ഇംഗ്ലണ്ടിന് നേരിടേണ്ടി വരികയുള്ളൂ. അതും ഫൈനലിൽ. ഇതെല്ലാം കണ്ടിട്ടു കൂടിയാകാം മുൻ ക്യാപ്റ്റൻ ഷിയറർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial