തുടർച്ചയായ രണ്ടാം സെമി ഫൈനൽ ലക്ഷ്യമിട്ട് ലോകഫുട്ബാളിലെ വമ്പൻ ശക്തികൾ നേർക്കുനേർ വരുന്ന അവസാന ക്വർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ജേതാക്കൾ ആയ ഫ്രാൻസും “അയൽക്കാരായ” ഇംഗ്ലണ്ടും ഏറ്റു മുട്ടുന്നു. പരിക്കിന്റെ പിടിയിൽ ഖത്തറിലേക്ക് വണ്ടി കയറിയ ഫ്രാൻസ് പക്ഷെ ഫുൾ ഗിയറിലാണ് ടൂർണമെന്റിൽ മുന്നോട്ടു പോകുന്നതെങ്കിൽ സമീപ കാലത്ത് സൗത്ത്ഗേറ്റിന് കീഴിൽ തുടരുന്ന മികച്ച പ്രകടനത്തിന്റെ തുടർച്ചയാണ് ഇംഗ്ലണ്ട് ഖത്തറിലും പുറത്തെടുക്കുന്നത്.
എന്നും വിമർശനങ്ങൾക്ക് പാത്രമായിട്ടാണ് സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചിട്ടുള്ളത്. പക്ഷെ ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി ലോകകപ്പ് സെമിയിലേക്ക് ടീമിനെ നയിച്ച അദ്ദേഹം യൂറോ കപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെ എത്തിച്ചു. സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും പാതിവഴിയിൽ വീണുകൊണ്ടിരുന്ന ഇംഗ്ലണ്ടിനെ ജേതാക്കളുടെ സംഘമാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. എങ്കിലും കാലങ്ങളായി അകന്ന് നിൽക്കുന്ന കിരീടമെന്ന സ്വപ്നം സഫലമാക്കാൻ സാധിച്ചില്ലെങ്കിൽ വിമർശനങ്ങൾക്ക് മൂർച്ച കൂടും എന്നുള്ള കാര്യത്തിൽ സംശയമില്ല. ഗോളടിക്ക് ഒരു കുറവും വരുത്താതെയാണ് ഇംഗ്ലണ്ട് ഇതുവരെ എത്തിയത്. യുഎസ്എക്കെതിരെ ഗോൾ രഹിത സമനില ഒഴിച്ചാൽ മിനിമം മൂന്ന് ഗോൾ ആണ് എല്ലാ മത്സരത്തിലും നേടിയത്.
ആദ്യ ഇലവനിലെ താരങ്ങൾ ആര് പകരക്കാർ ആര് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ പ്രതിഭകൾ നിറഞ്ഞതാണ് മുന്നേറ്റം. സ്റ്റെർലിങ് ക്യാമ്പിലേക്ക് മടങ്ങി എത്തിയെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാവില്ല. സാകക്കും കെയിനിനും ഒപ്പം മാർകസ് റഷ്ഫോർഡ് ആവും എത്തുക. റൈസിനും ബെല്ലിങ്ഹാമിനും ഒപ്പം ഹെൻഡേഴ്‌സൻ തന്നെ ഒരിക്കൽ കൂടി കളത്തിൽ എത്തും. ബോക്സിനുള്ളിൽ ഹെഡർ ഉതിർക്കാൻ വിദഗ്ധരായ ജിറൂഡ്, റാബിയോട്ട് അടക്കമുള്ളവരെ പൂട്ടാൻ സൗത്ത്ഗേറ്റ് തന്ത്രങ്ങൾ മെനയേണ്ടി വരും. എമ്പാപ്പെയുടെ അതിവേഗത്തിനും മറുപടി കാണേണ്ടതുണ്ട്.
മുഖ്യ താരങ്ങളുടെ പരിക്കോടെയാണ് ഫ്രാൻസ് ലോകകപ്പിന് എത്തിയത്. എന്നാൽ ഇപ്പോൾ ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമാകുന്നതും പരിക്കേറ്റവർക്ക് പകരം എത്തിയവർ തന്നെ. മധ്യനിരയിൽ വമ്പൻ താരങ്ങളെ നഷ്ടമായത്തിന്റെ യാതൊരു കുറവും റാബിയോട്ടും ചൗമേനിയും ടീമിനെ അറിയിക്കുന്നില്ല. മുൻ നിരയിൽ പതിവ് പോലെ എമ്പാപ്പെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഗോളടി തുടരുമ്പോൾ ടീമിന്റെ എക്കാലത്തേക്കും വലിയ ഗോളടിക്കാരൻ ആയി മാറിയ ജിറൂഡും സ്വപനതുല്യമായ ഫോമിലാണ്. എതിരാളികൾക്ക് ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന ഡെമ്പലെക്ക് ലൂക്ക് ഷോ ആക്രമണത്തിന് കയറുമ്പോൾ ഒഴിച്ചിട്ടു പോകുന്ന സ്ഥലം അപകടം സൃഷ്ടിക്കാൻ ധാരളമാകും.
എല്ലാ മേഖലയിലും ഇരു ടീമുകളും ഫോമിലാണ് എന്നതാണ് മത്സരത്തെ കൂടുതൽ ആവേശകരമാക്കുന്നത്. കൂടാതെ വമ്പൻ താരങ്ങളുടെ കൂടിക്കാഴ്ച്ചക്കും വഴിയൊരുങ്ങുമ്പോൾ അൽ ബയ്ത് സ്റ്റേഡിയത്തിൽ തീ പാറുന്ന പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ലോക വേദികളിൽ ഇന്നേവരെ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് ജയിച്ചിട്ടില്ല എന്ന കണക്കും മുന്നിൽ ഉണ്ട്. നേർക്കുനേർ ഉള്ള പോരാട്ടങ്ങളിലും ഇംഗ്ലണ്ടിന് തന്നെ ആണ് മുൻതൂക്കം. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30നാണ് മത്സരത്തിന് പന്തുരുണ്ടു തുടങ്ങുക.